ബസിന് മുകളിൽ പൂത്തിരി കത്തിക്കുന്ന ദൃശ്യങ്ങൾ
ആലപ്പുഴ: കൊല്ലം പെരുമണ്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ പഠനയാത്ര പുറപ്പെടും മുമ്പ് ആവേശംപകരാന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ രണ്ട് ബസുകളും ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്. അമ്പലപ്പുഴയില്‍ വെച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും ഉദ്യോഗസ്ഥര്‍ പിന്നാലെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് രണ്ട് ബസുകള്‍ക്കുമായി 36,000 രൂപ പിഴ ചുമത്തി. പൂത്തിരി കത്തിച്ചതിന് കൊല്ലം പോലീസ് പ്രത്യേകം കേസെടുക്കും. പിടിച്ചെടുത്ത ബസുകള്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറും.
കഴിഞ്ഞ മാസം 30-ന് കര്‍ണാടകയിലേക്ക് പഠനയാത്ര പുറപ്പെടുന്നതിന് മുമ്പ് കോളേജില്‍ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു. മൂന്ന് ടൂറിസ്റ്റ് ബസുകളാണ് യാത്രയ്ക്ക് ഉണ്ടായിരുന്നത്. ഇതില്‍ കൊമ്പന് എന്ന പേരുള്ള ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്. തീപ്പൊരി ബസ്സിന്റെ റബ്ബര്‍ ബീഡിങ്ങില്‍ വീണ് തീപിടിച്ചത് വെള്ളമൊഴിച്ച് കെടുത്തിയതോടെയാണ് അപകടമൊഴിവായത്.
സംഭവത്തില്‍ കേളേജിന് പങ്കില്ലെന്ന നിലപാടാണ് കോളേജ് അധികൃതര്‍ നേരത്തെ സ്വീകരിച്ചത്. കുട്ടികളെ ആവേശത്തിലാക്കാന്‍ ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്നായിരുന്നു കോളേജിന്റെ വിശദീകരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..