താനൂര്‍: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ കിരീട വിജയത്തില്‍ ആഘോഷം നടത്തുന്നതിനിടെ പടക്കം പൊട്ടി രണ്ടുപേര്‍ക്ക് ഗുരതരമായി പൊള്ളലേറ്റു. മലപ്പുറം താനാളൂരിലാണ് സംഭവം.

ഇന്ന് രാവിലെ താനാളൂര്‍ ചുങ്കത്ത് വെച്ച് നടന്ന ആഘോഷത്തിലാണ് അപകടമുണ്ടായത്.

താനാളൂര്‍ സോഷ്യോ എക്കണോമിക് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (ടെസ്‌കോ ) ക്ലബ്ബ് ഭാരവാഹികളായ കണ്ണറയില്‍ ഇജാസ് (33) പുച്ചേങ്ങല്‍ സിറാജ് (31) എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

സ്‌കൂട്ടറിലിരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിന്റെ സീറ്റും കത്തി നശിച്ചു. സിറാജിന് കാലിന്റെ തുടയുടെ ഭാഗത്തും, ഇജാസിന്റെ ശരീരത്തിന്റെ പിറകു വശത്തുമാണ് പൊള്ളലേറ്റത്.

കോപ്പ കലാശപോരാട്ടത്തില്‍ അര്‍ജന്റീന ബ്രസീലിനെ ഏകപക്ഷിയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.