കൊച്ചി: എറണാകുളം സിബിഐ കോളനിയില്‍ മഴവെള്ളം പോകുന്ന പൈപ്പിനുള്ളില്‍ കുടുങ്ങിയ ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പുറത്തെടുത്തു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പൈപ്പ് മുറിച്ചാണ് പാമ്പിനെ അഗ്നിരക്ഷാ സേന പുറത്തെടുത്തത്. ഇരപിടിച്ചശേഷം പൈപ്പിലൂടെ കടന്ന പെരുമ്പാമ്പിന് മുമ്പോട്ട് പോകാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. 

സിബിഐ കോളനിയിലെ മഴവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിനുള്ളില്‍ വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ഇരപിടിച്ചശേഷം പൈപ്പിലൂടെ കടന്ന പെരുമ്പാമ്പിന് മുമ്പോട്ട് പോകാനാകാതായി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ഒരു പരിക്കുമില്ലാതെയാണ് പാമ്പിനെ പൈപ്പില്‍ നിന്ന് പുറത്തെത്തിച്ചത്. 

സംഭവ സ്ഥലത്ത് വെച്ച് തന്നെ പൈപ്പ് മുറിച്ച് പാമ്പിനെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലായിരുന്നു. തുടര്‍ന്ന് പാമ്പ് കുടുങ്ങിയ ഭാഗത്തെ നിശ്ചിത പൈപ്പ് മുറിച്ചെടുത്ത് കടവന്ത്രയിലെ അഗ്‌നിരക്ഷാ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് പാമ്പിന് യാതൊരുവിധ പരിക്കും പറ്റാത്ത രീതിയില്‍ കട്ടര്‍വെച്ച് പാമ്പ് കുടുങ്ങിയ ഭാഗത്തെ പൈപ്പ് മുറിച്ചെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് സ്റ്റേഷന്‍ ഓഫീസര്‍ എ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

രക്ഷപ്പെടുത്തിയ പെരുമ്പാമ്പിനെ പിന്നീട് അന്ഗിരക്ഷാ സേന വനം വകുപ്പിന് കൈമാറി.

Content Highlights: fires force escaped rapped snake in pipe