തീപിടിത്തത്തിൽ നിന്ന്
വെഞ്ഞാറമൂട്: വാടക സ്റ്റോറില്‍ തീപിടിച്ചതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം. വലിയകട്ടയ്ക്കല്‍ വടക്കേവിള ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന രാമചന്ദ്രന് നായരുടെ ഉടമസ്ഥതയില്‍ ഉള്ള രാമു കല്യാണ സ്റ്റോറിനാണ് തീ പിടിച്ചത്. വൈകിട്ട് 4.30 നാണ് സംഭവം. രണ്ട് നില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീ പിടിച്ചത്. തീപിടിച്ച കെട്ടിടത്തിനോട് ചേര്‍ന്നാണ് വീടും സ്ഥിതി ചെയ്തിരുന്നുവെങ്കിലും വീട്ടിലേക്ക് തീ പടര്‍ന്നിട്ടില്ല. രാമചന്ദ്രന് നായരും ഭാര്യയും സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. ജോലിക്കാര്‍ വിവിധ സ്ഥലങ്ങളില്‍ ആയിരുന്നത് കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.
അന്യ സംസ്ഥാനക്കാരനായ ഒരു തൊഴിലാളി മാത്രമേ ഈ സമയത്ത് അവിടെ ഉണ്ടായിരുന്നുള്ളു. തീപിടിച്ച കെട്ടിടത്തിന്റെ വശത്തായി നിന്ന് തുണി കഴുകികൊണ്ടിരുന്ന ഈ തൊഴിലാളി ആണ് തീപിടുത്തം ആദ്യം കണ്ടത് .തുടര്‍ന്ന് ഉടമസ്ഥനെ അറിയിച്ച് തീ കെടുത്താന്‍ നോക്കിയെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.
വെഞ്ഞാറമൂട് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട്, ആറ്റിങ്ങല്‍, നെടുമങ്ങാട് ഫയര്‍ സ്റ്റേഷനില്‍ നിന്നും ആറ് യൂണിറ്റ് ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടര്‍ന്നത് എങ്ങനെ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. രാത്രിയില്‍ മാത്രം ലൈറ്റ് ഇടാന്‍ വേണ്ടിയുള്ള ഒരു കണക്ഷന് മാത്രമേ ഈ കെട്ടിടത്തില്‍ ഉള്ളു എന്നാണ് ഉടമസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന്റെ ഇടതുഭാഗത്ത് നിന്നാണ് തീ പടര്‍ന്നു തുടങ്ങിയതെന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
കല്യാണ ആവശ്യങ്ങള്‍ക്കും മറ്റ് ആഘോഷ പരിപാടികള്‍ക്കും വാടകയ്ക്ക് കൊടുക്കുന്ന അലങ്കാര വസ്തുക്കള്‍,പാത്രങ്ങള്‍,വിളക്കുകള്‍,ഫര്‍ണിച്ചറുകള്‍,
കര്‍ട്ടനുകള്‍ എന്നിവയടക്കം ഒരു കോടിയില്‍പ്പരം രൂപയുടെ സാധനങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. 50-ലക്ഷം രൂപയുടെ തുണികള്‍ മാത്രം ഉണ്ടായിരുന്നുവെന്നാണ് ഉടമസ്ഥന് പറഞ്ഞത്. മുകള്‍ നിലയിലെ റൂഫിന് മാത്രം 6 ലക്ഷം രൂപ വിലമതിക്കുന്നതാണ്. ഇത് പൂര്‍ണമായും കത്തിനശിച്ചു. കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനമാണിത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..