തിരുവനന്തപുരം : മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിത്തം. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം . മലബാര്‍ എക്‌സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാരാണ് പുകയുയരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ ചങ്ങല വലിച്ച് റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

malabar express fire
മലബാർ എക്സ്പ്രസ്സ് ലഗ്ഗേജ് വാനിൽ ഉണ്ടായ തീപ്പിടിത്തം
| ഫോട്ടോ : special arrangement

അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്താന്‍ കഴിഞ്ഞതോടെ തീപടരാനുള്ള സാധ്യത അടക്കാന്‍ കഴിഞ്ഞു.

നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനും തീയണക്കാനും മുന്നിലെത്തിയത്. വൈകാതെ അഗ്നിശമന സേന സ്ഥലത്തെത്തി. വര്‍ക്കലയില്‍ തീവണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്.

തീപ്പിടിത്തമുണ്ടായ പാര്‍സല്‍ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളുരസിയുള്ള തീപ്പൊരിയിൽ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാരെ തീവണ്ടിയില്‍ നിന്ന് പുറത്തേക്കിറക്കി. ആര്‍ക്കും പരിക്കുകളില്ല. യാത്രക്കാര്‍ സുരക്ഷിതരാണ്.  യാത്രക്കാരെ തിരികെ തീവണ്ടിയിൽ കയറ്റാനുള്ള ശ്രമത്തിലാണ്. ഉടൻ തന്നെ യാത്രപുറപ്പെടാൻ തീവണ്ടി സജ്ജമായിട്ടുണ്ട്.
content highlights: Fire in Malabar express luggage bogie