-
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപ്പിടിത്തം സ്വര്‍ണക്കടത്തു കേസ് അട്ടമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി പ്രതിപക്ഷവും ബിജെപിയും. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന തീവെപ്പാണെന്ന് ആരോപിച്ച പ്രതിപക്ഷം സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. പൊതുഭരണവകുപ്പ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി ഫയലുകള്‍ കത്തി നശിച്ചിരുന്നു.
എല്ലാ അഴിമതികളേയും തമസ്കരിക്കാനുള്ള നീക്കമാണിത്. നേരത്തെ ഇടിവെട്ടി ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും സിസിടിവി ക്യാമറകള്‍ അടിച്ചുപോയെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം തെളിവുകള്‍ നശിപ്പിക്കുന്ന ഒരു പ്രക്രിയയാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആരോപണവിധേയമായിട്ടുള്ള പ്രധാന സ്ഥലം ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസാണ്. ആ ഓഫീസിലാണിപ്പോള്‍ തീപ്പിടിത്തമുണ്ടായിരിക്കുന്നത്. ഇത് ഗൂഢാലോചനയാണെന്ന് വളരെ വ്യക്തമാണ്. അപമാനകരമായ സംഭവമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അറിഞ്ഞ് നടത്തിയ തീപ്പിടിത്തമാണിതെന്നും വലിയ ഗൂഢാലോചനയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചു. പ്രോട്ടോക്കോള്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡാണെന്ന് പറഞ്ഞ് ഈ ഓഫീസ് കഴിഞ്ഞ ദിവസം അടച്ചിരുന്നു. ഇന്ന് അവിടെ ആരും ഉണ്ടായില്ല. കേസിലെ വിശദാംശങ്ങള്‍ അന്വേഷണ സമിതിക്ക് മുമ്പാകെ വരാതിരിക്കാന്‍ സര്‍ക്കാര്‍ തീകൊടുത്താതാണെന്നും സുരേന്ദ്രന് ആരോപിച്ചു.
തെളിവുകള്‍ ലഭിക്കാവുന്ന നിരവധി ഫയലുകള്‍ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ഗൗരവതരമായി അന്വേഷണം നടത്തണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
തീപ്പിടിത്തത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..