തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയുണ്ടായ സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് മന്ത്രി ഇ.പി.ജയരാജന്‍. തീപ്പിടിത്തം നടന്ന ഉടനെ തന്നെ യുഡിഎഫിന്റേയും ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കള്‍ കടന്നു വന്ന് വ്യാപകമായ അക്രമം അഴിച്ചുവിട്ടു.

സെക്രട്ടേറിയേറ്റിനകത്ത് ഒരു കലാപഭൂമിയാക്കി മാറ്റാന്‍ ആസൂത്രിതമായ ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. ഇവരുടെ സാന്നിധ്യവും ഇടപെടലും കാണുമ്പോള്‍ സംശയങ്ങളേറെയാണ്.

അക്രമം സംബന്ധിച്ച് സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തും. ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പോലീസിനെ അക്രമിച്ചു. കോണ്‍ഗ്രസ് നേതാക്കളും ഇത് ചെയ്തുവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

എന്തെങ്കിലും സംഘര്‍ഷവും കുഴപ്പവുമുണ്ടാക്കി അതില്‍ നിന്ന് മുതലെടുക്കാന്‍ വേണ്ടി വെപ്രാളപ്പെട്ട് നടക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. ജനങ്ങള്‍ ഇത്തരത്തിലുള്ള അക്രമങ്ങളെ അപലപിക്കുകയും നിരുത്സാഹപ്പെടുത്തുകയും വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Content Highlights: Fire in Kerala Secretariat-conflict-ep jayarajan