തശ്ശൂർ: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസ് കത്തിയതല്ല കത്തിച്ചതാണെന്നും അതില്‍ സംശയമില്ലെന്നും ബിജെപി വക്താവ് ബി.ഗോപാല കൃഷ്ണന്‍.

എന്‍.ഐ.എയുടെ മുന്‍പില്‍ ഭയന്ന് വിറച്ച സര്‍ക്കാര്‍ ഇടിവെട്ട് ഇല്ലാത്തത് കാരണം അഗ്‌നിബാധ ഉണ്ടാക്കി രക്ഷപെടാന്‍ ശ്രമിക്കുകയാണ്. കള്ളക്കടത്തില്‍ നിന്ന് അഗ്‌നിശുദ്ധി നടത്താനുള്ള സര്‍ക്കാര്‍ ശ്രമത്തില്‍ അഗ്‌നി പോലും അശുദ്ധിയിലായിരിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഖുറാന്റെ മറവില്‍ സ്വര്‍ണ കള്ളക്കടത്ത് നടത്തിയ മന്ത്രി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും മന്ത്രി കുരുങ്ങുമെന്ന് ഉറപ്പാകുകയും ചെയ്ത സമയത്താണ് പ്രോട്ടോക്കോള്‍ ഓഫീസ് കത്തിച്ചിട്ടുള്ളത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിദേശയാത്രകളും അതുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ ഏജന്‍സികള്‍ ചോദിച്ചിരിക്കുന്ന സമയത്ത് പ്രസ്തുത ഓഫീസിന്റെ സുരക്ഷിതത്വം നോക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

കോവിഡിന്റെ മറവിലാണ് ഈ അഗ്‌നിബാധ ഉണ്ടാക്കിയിരിക്കുന്നത്. കോറോണയുടെ പേര് പറഞ്ഞ് ഈ ഓഫീസ് അടച്ചതും ദുരൂഹമാണ്, ഈ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന പൊതുപ്രവര്‍ത്തകരെ മര്‍ദ്ദിക്കുക, എം.എല്‍ മാരെ അടക്കം സെക്രട്ടറിയേറ്റിലേക്ക് കടത്തിവിടാതെ തടയുക, ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളാണ് പിണറായി നടപ്പാക്കുന്നത്, സ്വപ്ന നിരങ്ങിയ സെക്രട്ടറിയേറ്റില്‍ പൊതുപ്രവര്‍ത്തകരെ തടയുന്നത് അപലപനീയമാണ്, ഇത് കൊണ്ടൊന്നും പിണറായി രക്ഷപെടില്ലെന്നും ഗോപാല കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.