ആലപ്പുഴ: ഒൻപതുവയസ്സുകാരന്റെ കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ നട്ട് അഗ്നിരക്ഷാസേന ഊരിമാറ്റി.

നെടുമുടി പൊങ്ങയ്ക്കടുത്ത് കോളശ്ശേരി ഷിനുക്കുട്ടന്റെ മകൻ അനന്തകൃഷ്ണന്റെ കൈവിരലിലാണ് സ്റ്റീൽ നട്ട് കുടുങ്ങിയത്. സ്കൂൾ അവധി ആയതിനാൽ രാവിലെ 9-ന് വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോൾ കിട്ടിയ സ്റ്റീൽ നട്ട് കൗതുകത്തോടെ വലതുകൈയിലെ മോതിരവിരലിൽ ഇട്ടുനോക്കി. ഊരാൻ ശ്രമിച്ചിട്ട് കഴിയാതെ വന്നപ്പോഴാണ് വീട്ടിലെത്തി വിവരം പറഞ്ഞത്.
കുട്ടിയുടെ പിതാവായ ഷിനുക്കുട്ടൻ വിരലിൽ സോപ്പിട്ട് ഊരിമാറ്റാൻ ശ്രമിച്ചിട്ടും സ്റ്റീൽ നട്ട് ഊരാൻ കഴിഞ്ഞില്ല. തുടർന്ന് തൊട്ടടുത്തുള്ള വർക്ഷോപ്പിൽ എത്തി പരിശ്രമിച്ചിട്ടും സ്റ്റീൽ നട്ട് മുറിച്ച് മാറ്റാനോ ഊരാനോ കഴിഞ്ഞില്ല. കുട്ടിയുടെ കൈവിരലിൽ സ്റ്റീൽ നട്ട് ഉരസി മുറിവ് പറ്റുകയും ചെയ്തു.
ഓട്ടോത്തൊഴിലാളിയായ ഷിനുക്കുട്ടൻ ഓട്ടോയിൽ കുട്ടിയെ ആലപ്പുഴ അഗ്നിരക്ഷാനിലയത്തിൽ എത്തിച്ചു. അഗ്നിരക്ഷാ വാഹനത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ഡോ. പ്രിയദർശൻ കുട്ടിക്ക് വേദന കുറയ്ക്കാൻ ലോക്കൽ സെഡേഷൻ നൽകി കൈവിരൽ മരവിപ്പിക്കുകയും ചെയ്തു. തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ കെ.സതീഷ്കുമാർ, എൻ.ആർ.ഷൈജു, വി.ആർ.ബിജു, മുകേഷ്, അരുൺ ബോസ്, അഭിലാഷ് ശേഖരൻ എന്നിവർ ചേർന്ന് സ്റ്റീൽ നട്ട് ഊരിമാറ്റി. പൊങ്ങ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് അനന്തകൃഷ്ണൻ.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..