.jpg?$p=2922c1a&f=16x10&w=856&q=0.8)
തീപിടിത്തത്തിൽ മരിച്ചവർ
തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. വര്‍ക്കല അയന്തിയിലാണ് ദാരുണമായ സംഭവം. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറിക്കട നടത്തുന്ന പ്രതാപന്റെ കുടുംബമാണ് മരിച്ചത്.
പ്രതാപന് (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന് അഖില്‍ (25), മൂത്ത മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഹുല്‍ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. അഗ്നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. വീടിന്റെ മുഴുവന്‍ മുറികളിലേയ്ക്കും തീ പടര്‍ന്നിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. പോർച്ചിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അയല്‍വാസിയായ ശശാങ്കന് എന്നയാളാണ് വീടിന് തീപിടിച്ചത് ആദ്യം കണ്ടത്. ശശാങ്കര്‍ ബഹളംവച്ചാണ് സമീപത്തെ മറ്റ് വീട്ടുകാര്‍ ഉണര്‍ന്നത്. തീ കണ്ട ഉടനെ ശശാങ്കന്റെ മകന് പ്രതാപന്റെ മകന് നിഖിലിനെ ഫോണ്‍ ചെയ്തു. നിഖില്‍ ഫോണ്‍ എടുക്കുകയും വീടിന് തീപിടിച്ചുവെന്ന് പറഞ്ഞ താഴേയ്ക്ക് ഇറങ്ങിവരികയും ചെയ്തിരുന്നുവെന്നും കുഞ്ഞിനെ എടുക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും വീടിന്റെ അകത്തേയ്ക്ക് പോവുകയും ചെയ്തുവെന്ന് ശശാങ്കന് പറഞ്ഞു.
അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അഗ്നിരക്ഷാസേനയും പോലീസും പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..