തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപ്പിടിത്തം അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കാനുളള ബോധപൂര്‍വമായ നീക്കമാണെന്നും തീപ്പിടിത്തമെന്നും തെളിവുനശിപ്പിക്കാനുളള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. സെക്രട്ടറിയേറ്റിൽ തീപ്പിടിത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. 

ഫാനിന്റെ സ്വിച്ചില്‍ നിന്ന് തീപ്പിടിത്തമുണ്ടായി എന്ന വിശദീകരണം ഒരു കാരണവശാലും വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ്  തീപ്പിടിത്തത്തിലൂടെ ഉണ്ടായിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ മൂന്നു സെക്ഷനിലാണ് തീപ്പിടിച്ചിട്ടുളളത്. മുന്നു സെക്ഷനുകളിലായി പ്രധാനപ്പെട്ട ഫയലുകളാണ് കത്തിപ്പോയത്, അല്ലെങ്കില്‍ കത്തിച്ചിട്ടുളളത്. വിവിഐപികളെ ഡെസിഗ്നേറ്റ് ചെയ്യുന്ന ഫയലുകള്‍,വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകള്‍,രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി സീക്രട്ട് ഫയലുകള്‍ ഇതെല്ലാമാണ് നശിച്ചിട്ടുളളതെന്നാണ് മനസ്സിലാക്കുന്നത്. സ്വര്‍ണ കള്ളക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വിദേശത്ത് പോകുന്ന പൊളിറ്റിക്കല്‍ ക്ലിയറന്‍സുകള്‍, ജിഎഡിയുമായി ബന്ധപ്പെട്ട മറ്റു ഫയലുകള്‍, എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉള്‍പ്പടെയുളള നിരവധി ഫയലുകള്‍ക്കാണ് തീപ്പിടിച്ചിട്ടുളളത്. 

ഫാനിന്റെ സ്വച്ചില്‍ നിന്നാണ് തീപ്പിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കോവിഡാണെന്ന് പറഞ്ഞ് ആ ഭാഗം മുഴുവന്‍ അടച്ചു അങ്ങോട്ട് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചുവെന്ന് പറഞ്ഞു. ഇതുവരെ ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്ക് കൊടുത്തിട്ടില്ല. ഇതെല്ലാം സംശയാസ്പദമായ കാര്യമാണ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെക്രട്ടറി കൗശികനും മറ്റുനാല് ഉന്നതോദ്യോഗസ്ഥരും തീപ്പിടിത്തം അന്വേഷിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ അന്വേഷണം ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. എന്‍.ഐ.എ ഇത് അന്വേഷിക്കണം. ചെന്നിത്തല പറഞ്ഞു.

Content Highlights:Fire at Kerala secretariat: Ramesh Chennithala demands NIA probe