തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണക്കാലത്ത് നല്‍കിവരുന്ന ബോണസും ഉത്സവബത്തയും ഇത്തവണ നല്‍കാനാകില്ലെന്ന സൂചനയാണ് ധനമന്ത്രി നല്‍കുന്നത്.
ഓണം മാസാവസാനമെത്തിയാല്‍ ആ മാസത്തെ ശമ്പളവും ഓണത്തിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പതിവ് കാലങ്ങളായി നിലവിലുണ്ട്. ഇതനുസരിച്ച് ഈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വിപണിയിലേക്ക് കൂടുതല്‍ പണമെത്തുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുകയും ചെയ്യും. എന്നാല്‍ ഇത്തവണ തിരുവോണം ഓഗസ്റ്റ് 21നാണെങ്കിലും ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യമേ കിട്ടൂവെന്നാണ് മന്ത്രി പറയുന്നത്.
സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയേപ്പറ്റിയും അതിന്റെ ഗൗരവത്തേപ്പറ്റിയും എല്ലാവരും മനസിലാക്കണം. കോവിഡ് കാലത്ത് സംരക്ഷിക്കപ്പെട്ട വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാരെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാല്‍ സാഹചര്യം എല്ലാവരും മനസിലാക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.
കഴിഞ്ഞതവണ ഓണം അഡ്വാന്‍സായി 15,000 രൂപവരെ നല്‍കിയിരുന്നു. അതുമാത്രമല്ല കഴിഞ്ഞതവണ രണ്ടുമാസത്തെ ശമ്പളവും ബോണസും ഉത്സവ ബത്തയുമൊകക്കെയായി 6000 കോടിയോളമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി മാത്രം വിനിയോഗിച്ചത്. ഇത്തവണ അത്രയും വലിയൊരു ഭാരം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
അതേ സമയം ഓഗസ്റ്റിലെ ശമ്പളം നേരത്തെ നല്‍കാതെ ബോണസും ഉത്സവബത്തയും നല്‍കുന്ന കാര്യവും ധനവകുപ്പ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.
content highlights: financial crisis, government employees may not get onam bonus and festival allowance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..