തിരുവനന്തപുരം: കോവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിന് മുന്നോടിയായാണ് ധനമന്ത്രിയുടെ പ്രതികരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സഭയില്‍ ബജറ്റ് അവതരണം ആരംഭിക്കുക. 

സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുന്നതായിരിക്കും ഈ സര്‍ക്കാരിന്റെ കാലത്തെ അവസാന ബജറ്റെന്നും നിരവധി ക്ഷേമപദ്ധതികള്‍ പ്രതീക്ഷിക്കാമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് വ്യക്തമാക്കി. 

തിരഞ്ഞെടുപ്പ് കാലത്ത് കൈയടി നേടാന്‍ മാത്രമുള്ള ബജറ്റായിരിക്കില്ല. പാവപ്പെട്ടവരുടെ ക്ഷേമം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കൊപ്പം ദീര്‍ഘകാലത്തേക്ക് കേരളത്തെ പരിവര്‍ത്തനം ചെയ്യുന്നതിന് അടിസ്ഥാനപരമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

thomas issac
ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നതിന് മുമ്പ് മന്ത്രി തോമസ് ഐസക് 
വീടിന് പുറത്തു ഇരുന്ന് ഭക്ഷണം കഴിക്കുന്നു  | ഫോട്ടോ: ജി.ബിനുലാൽ

കടമെടുപ്പില്‍ വേവലാതി വേണ്ട. പ്രതിപക്ഷം ജനങ്ങളില്‍ ഭീതിയുണ്ടാക്കുകയാണ്. സംസ്ഥാനം കടമെടുക്കുന്നത് നിബന്ധനകള്‍ക്കുള്ളില്‍ നിന്നാണെന്നും ഐസക് വ്യക്തമാക്കി. 

എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ബജറ്റിൽ നിർദേശമുണ്ടാകുമെന്നാണ് സൂചന. കോവിഡ് തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കാനുള്ള പദ്ധതികളും ഉണ്ടാവും. സർക്കാർജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടില്ല.

വർക്ക്ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്.

ക്ഷേമപെൻഷൻ 100 രൂപ കൂടി കൂട്ടും. കെട്ടിടനിർമാണ അനുമതി വൈകുന്നത് പരിഹരിക്കാൻ ബദൽസംവിധാനം ഉണ്ടാക്കുന്നതും ആലോചനയുണ്ട്.

content highlights: finance minister thomas isaac statement before state budjet