ആലപ്പുഴ: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്, കേന്ദ്രം നികുതി കുറയ്ക്കട്ടേയെന്നും ഇന്ധനനികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തട്ടേയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

'കേരള സര്‍ക്കാര്‍ ഇതുവരെ ഒരു ഇന്ധന നികുതിയും വര്‍ധിപ്പിച്ചിട്ടില്ല. നികുതി വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. അതുകൊണ്ട് ഇന്ധനവില വര്‍ധനവിന്റെ ഉത്തരവാദി കേന്ദ്രമാണ്, അത് അവര്‍ തന്നെ ഏറ്റെടുത്തേ തീരൂ.' സംസ്ഥാനങ്ങളുടെ ചെലവില്‍ വിലവര്‍ധന പരിഹരിക്കാന്‍ കേന്ദ്രം നോക്കേണ്ട. കേന്ദ്രനിലപാടിനെതിരേ ശക്തമായ സമരം വേണമെന്നും മന്ത്രി പറഞ്ഞു. 

ശനിയാഴ്ച വരെ തുടര്‍ച്ചയായി 13 ദിവസം ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 

അതേസമയം ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

Content Highlights:Finance minister Thomas Isaac on fuel tax