ആലപ്പുഴ: കിഫ്ബിയ്‌ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി തോമസ് ഐസക്ക്.  കിഫ്ബിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന്‌ തോമസ് ഐസക്ക് ആരോപിച്ചു. ഇതിനായി തൃശ്ശൂര്‍ രാമനിലയത്തില്‍വെച്ച് ആര്‍.എസ്.എസ്. നേതാവ് രാം മാധവ് ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി. സെക്രട്ടറിയും അഭിഭാഷകനുമായ മാത്യു കുഴല്‍നാടന് എതിരെയും ഐസക്ക് രൂക്ഷവിമര്‍ശനം നടത്തി. ബി.ജെ.പിയുടെ വക്കാലത്ത് എടുത്ത മാത്യു കുഴല്‍നാടനെ കെ.പി.സി.സി. സെക്രട്ടറിയായി ആവശ്യമുണ്ടോ എന്നും ഐസക്ക് ആരാഞ്ഞു.

കിഫ്ബിക്ക് എതിരായിട്ടുളള രാഷ്ട്രീയ ഗൂഢാലോചനയിലെ പിന്നണി രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. കേസ് കൊടുത്ത രഞ്ജിത്ത് കാര്‍ത്തികേയന്‍ ഇന്നലെ ടിവിയില്‍ പ്രത്യക്ഷപ്പെട്ടു. വക്കാലത്ത് മാത്യു കുഴല്‍നാടനും വിശദീകരണങ്ങള്‍ നല്‍കി. രണ്ടുപേരും ശുദ്ധ പ്രൊഫഷണലുകള്‍ മാത്രം- തോമസ് ഐസക്ക് പരിഹസിച്ചു.

കിഫ്ബി സ്റ്റാറ്റിയൂട്ടറി ബോഡി ആണെന്നും ബോഡി കോര്‍പറേറ്റ് അല്ലെന്നുമാണ് കിഫ്ബിക്കെതിരായ പരാതിക്കാരന്‍ രഞ്ജിത് കാര്‍ത്തികേയന്റെ ലോ പോയിന്റ്. ബോഡി കോര്‍പറേറ്റ് ആണെങ്കില്‍ അവര്‍ക്ക് വായ്പ എടുക്കാം. സ്റ്റാറ്റിയൂട്ടറി ബോഡി ആണെങ്കില്‍ എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ വായ്പ ആയിരിക്കും. ഈ ലോ പോയിന്റ് ക്ലിയര്‍ ചെയ്യാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ വരെ പ്രതി ചേര്‍ത്ത്, സി.എ.ജി.യെ കക്ഷി ചേര്‍ത്തു കൊണ്ട് കേസ് കൊടുത്തതെന്നും ധനമന്ത്രി പരിഹസിച്ചു.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് രാമനിലയത്തില്‍വെച്ച് കൂടിക്കാഴ്ച നടത്തിയത്. കോടതിയില്‍ കേസ് കൊടുത്തതിനു ശേഷം രണ്ടുവട്ടം കോടതിയുടെ അംഗീകാരത്തോടെ  കേസ് പിന്‍വലിച്ചു. ഇതുപോരാ എന്ന് തോന്നിയിട്ടാണ് തുടര്‍ന്ന് ആര്‍.എസ്.എസ്. നേതാവുമായി കൂടിയാലോചനയും മൂന്നാംവട്ടം കേസ് കൊടുക്കാനുള്ള തീരുമാനം ഉണ്ടായത്- തോമസ് ഐസക്ക് ആരോപിച്ചു.

നിയമം വഴി രൂപവത്കരിച്ചാല്‍ അത് സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. അതുകൊണ്ട് അത് എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ അക്കൗണ്ടില്‍ പെടുത്തണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും തോമസ് ഐസക്ക് പറഞ്ഞു. കേസ് എടുത്തത് പ്രൊഫഷണല്‍ ആയാണെന്നും രാഷ്ട്രീയം നോക്കിയല്ലെന്നുമുള്ള മാത്യു കുഴല്‍നാടന്റെ വാദത്തെയും മന്ത്രി വിമര്‍ശിച്ചു.

content highlights: finance minister thomas isaac on case against kiifb