തൃശ്ശൂര്‍: കരുവന്നൂരിന് പുറമെ കൂടുതല്‍ സഹകരണബാങ്കുകളിലെ തട്ടിപ്പിന്റെ കഥകള്‍ പുറത്തുവരുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള മൂസ്പെറ്റ് സഹകരണബാങ്കിലും വായ്പാക്രമക്കേട് നടന്നതായി കണ്ടെത്തി. അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് പുറത്തായത്. 

ഭൂമിയുടെ മതിപ്പുവില കൂട്ടി നടത്തിയ തട്ടിപ്പില്‍ 13.36 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പറയുന്നത്. തൃശ്ശൂര്‍ നഗരത്തില്‍ ചേലക്കോട്ടുകര വഴിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ സഹകരണവകുപ്പാണ് ഓഡിറ്റ് നടത്തിയത്. നിലവിലുള്ള ഭരണസമിതിക്കും മുന്‍പുണ്ടായിരുന്നവര്‍ക്കും വീഴ്ച പറ്റിയതായാണ് കണ്ടെത്തല്‍.

2014-15 വര്‍ഷത്തില്‍ 38 ലക്ഷം രൂപ അറ്റാദായമുണ്ടായിരുന്ന ബാങ്ക് 2018-19 വര്‍ഷത്തില്‍ 13 കോടിയുടെ നഷ്ടത്തിലാണ്. എന്നാല്‍, ഫണ്ട് ശോഷണമുണ്ടായിട്ടില്ല. 2013 മുതല്‍ 18 വരെ നിയമപ്രകാരമല്ലാതെ 21.76 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്.

എട്ടുമാസംമുമ്പാണ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍നടപടികളെടുക്കാത്തതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്ക് പുറത്തും വായ്പകള്‍ നല്‍കിയിട്ടുണ്ട്.  ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അനധികൃതമായി ഭൂമിവില ഉയര്‍ത്തിക്കാട്ടി വായ്പകള്‍ സ്വന്തമാക്കി. 

നിലവില്‍ ടോക്കണ്‍ സംവിധാനത്തിലാണ് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ ബാങ്ക് അവസരമൊരുക്കുന്നത്. ഇന്നലെ നൂറിലധികം പേര്‍ നിക്ഷേപം പിന്‍വലിക്കാനെത്തിയ സാഹചര്യത്തിലാണിത്. ഇന്നും ബാങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ നീണ്ട നിരയാണ്. 

സെന്റിന് 20,000 രൂപ മതിപ്പുവിലയുള്ള ഭൂമിക്ക് ഒരുലക്ഷം രൂപയുടെ മൂല്യം കാണിച്ച് വായ്പ കൊടുത്ത വിവരം റിപ്പോര്‍ട്ടില്‍ ഉദാഹരിച്ചിട്ടുണ്ട്. ഒരേ ആധാരത്തില്‍ തന്നെ രണ്ടും മൂന്നും വായ്പകള്‍ നല്‍കിയെന്നും ആരോപണമുയര്‍ന്നു. അതില്‍ പലതും തിരിച്ചടയ്ക്കാതെ കിട്ടാക്കടമായി.

രണ്ട് ശാഖകളും ഒരു എക്സ്റ്റന്‍ഷന്‍ കൗണ്ടറുമുള്ള ബാങ്കിന് രണ്ട് നീതി മെഡിക്കല്‍ സ്റ്റോറുകളും മൊബൈല്‍ ഫ്രീസറുള്ള നീതി ആംബുലന്‍സുമുണ്ട്. 17,329 അംഗങ്ങളാണുള്ളത്.ക്രമക്കേടിനെക്കുറിച്ച് സി.പി.എം. നിയോഗിച്ച അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.

Content Highlights: finance fraud in moospet bank in thrissur