കൊച്ചി: കലാകാരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ചടങ്ങില്‍ നടി മഞ്ജുവാര്യര്‍ ഫാസിസത്തിനെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചലച്ചിത്രപ്രവര്‍ത്തകരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആമുഖ പ്രസംഗത്തില്‍ ബി.ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇത് കേവലമൊരു കമലിന്റെയോ എം.ടിയുടേയോ മോഹന്‍ലാലിന്റെയോ പ്രശ്‌നമല്ല. ഇനിയും മൗനം തുടര്‍ന്നാല്‍ അത് അപകടകരമായി തീരുമെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കമലും എം.ടിയും മോഹന്‍ലാലും വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു പ്രതിരോധമെന്ന രീതിയില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരായ പ്രസ്താവനകളെ രഞ്ജി പണിക്കര്‍ അപലപിച്ചു. വ്യത്യസ്ത ആശയങ്ങളെ സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ പൊതുസ്വത്താണ് ചലച്ചിത്രകാരന്മാരെന്ന് സിദ്ദിഖ് പറഞ്ഞു. സ്വന്തമായി അഭിപ്രായം പറയാനുള്ള സ്വാന്ത്ര്യമില്ല എന്ന് വന്നാല്‍ അത് അപകടമായിരിക്കുമെന്ന് ലാല്‍ പറഞ്ഞു.

അഭിപ്രായസ്വാതന്ത്ര്യം അവകാശമാണെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് കൂട്ടായ്മ സമാപിച്ചത്. ലെനിന്‍ രാജേന്ദ്രന്‍, പ്രിയനന്ദനന്‍, ജോഷി, എസ്.എന്‍ സ്വാമി, സിബി മലയില്‍, ബ്ലസി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, സിദ്ദിഖ്, ലാല്‍, ഗീതു മോഹന്‍ദാസ്, ഉണ്ണി ആര്‍, കെ.പി.എ.സി ലളിത, അനൂപ് മേനോന്‍, ഭാഗ്യലക്ഷ്മി, റിമ കല്ലിങ്ങല്‍, ആനന്ദവല്ലി തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു