കുട്ടനാട്: നിലംനികത്തല്‍ സാധൂകരിക്കാന്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ അപ്പീല്‍ തള്ളി. ആലപ്പുഴ മുന്‍ കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് തള്ളിയത്. പോലീസ് സംരക്ഷണത്തില്‍ സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ ഉത്തരവിട്ടു. 

2018 ജൂണ്‍ ഒന്നിനാണ് ടി.വി.അനുപമ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടായ ലേക്ക് പാലസിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിന് വേണ്ടി നിലം നികത്തിയെടുത്തതാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് റിസോര്‍ട്ട് കമ്പനി സര്‍ക്കാരിന് അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ലേക്ക് പാലസ് പ്രതിനിധികളുടെ അടക്കം വാദങ്ങള്‍ കേട്ട ശേഷമാണ് കാര്‍ഷികോത്പാദന കമ്മീഷണര്‍ അപ്പീല്‍ തള്ളിയത്. 

കൂടാതെ നികത്തിയ സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കണം. ഇതിനായി പോലീസ് സംരക്ഷണം നല്‍കണമെന്നും കമ്മീഷണര്‍ ഉത്തരവിട്ടു. ഇതിന്റെ ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.