കൊല്ലം: ഇളമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിനിടെ, നാലു ദിവസം മുന്‍പ് കാണാതായ ബി.ജെ.പി അംഗം ശ്രീധരനെ സി.പി.എം പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ പഞ്ചായത്തിലെത്തിച്ചു. ഇതോടെ ബി.ജെ.പി. അംഗങ്ങള്‍ തടസവുമായി രംഗത്തെത്തി. 

ഇരുപത്തിയൊന്നംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ് - 10, ബി.ജെ.പി - 6, യു.ഡി.എഫ് - 4, സ്വതന്ത്രന്‍- 1 എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എം. പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ പഞ്ചായത്തിലെത്തിയ ശ്രീധരന്‍ അവര്‍ക്കനുകൂലമായി വോട്ടു ചെയ്തതോടെ എല്‍.ഡി.എഫിനു ഭരണം ലഭിച്ചു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചത്. ബി.ജെ.പിക്കാരും മറ്റു പഞ്ചായത്തംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.

സി.പി.എമ്മില്‍ നിന്നു രാജി വെച്ച് ബി.ജെ.പിയിലെത്തുകയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്ത ആളാണ് ശ്രീധരന്‍. കഴിഞ്ഞ നാലു ദിവസങ്ങളില്‍ വിപ്പ് നല്‍കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും നടന്നില്ല. സി.പി.എമ്മുകാര്‍ ഒളിപ്പിച്ചു വെച്ചു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇന്നു രാവിലെ അവരുടെ തന്നെ സഹായത്തോടെ ശ്രീധരന്‍ പഞ്ചായത്ത് ഓഫീസിലെത്തിയത്. 

ഡി.വൈ.എസ് പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ വലിയൊരു പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

Content Highlights: fight happened between members of panchayat governing body in kollam