എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ കഴിയുന്നത് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍, പോരാട്ടം തുടരും- ദയാബായി


ദയാബായി/പി. സനിത

അഭിമുഖം

ദയാബായി | ഫോട്ടോ: ജി. ബിനുലാൽ, എംപി ഉണ്ണികൃഷ്ണൻ/മാതൃഭൂമി

തിനെട്ട് ദിവസത്തെ സത്യാഗ്രഹം കഴിഞ്ഞ് സമരപന്തലില്‍ നിന്നെത്തിയതേയുള്ളൂ ദയാബായി. ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും മനസിന്റെ ഊര്‍ജം ഒട്ടും കുറഞ്ഞിട്ടില്ല ഈ 82 വയസ്സുകാരിക്ക്. ആശയറ്റവര്‍ക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരാന്‍ തന്നെയാണ് അവരുടെ തീരുമാനം.

രണ്ടാഴ്ചയിലധികം സെക്രട്ടേറിയറ്റ് നടയില്‍ മഴയും വെയിലും കൊണ്ട് കിടന്നു. ഒരുപാട് വൈകിയ ശേഷമാണ് മന്ത്രിമാര്‍ കാണാന്‍ വന്നത്. സര്‍ക്കാര്‍ തീരുമാനം വന്നത് അതിലും വൈകി. ഉന്നയിച്ച പ്രധാന ആവശ്യത്തെ പറ്റി ഒന്നും പറയുന്നുമില്ല. എന്താണ് പറയാനുള്ളത്?സമരം തല്ക്കാലം അവസാനിപ്പിച്ചു എന്നേയുള്ളൂ. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് നീതി ഉറപ്പാകുന്നതുവരെ ഈ പോരാട്ടം തുടരും. 2018ലാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഞാനിടപെടുന്നത്. കാസര്‍കോട് അമ്പലത്തറയില്‍ എത്തിയപ്പോഴാണ് ആരുടെയൊക്കെയോ അനാസ്ഥയ്ക്ക് ബലിയാടുകളായി ജീവിക്കേണ്ടി വന്ന കുറേ മനുഷ്യക്കുട്ടികളെ കണ്ടത്. മനുഷ്യരൂപമില്ലാത്ത ആ കുട്ടികള്‍ മനസ് പൊള്ളിച്ചു. ഞാന്‍ കരഞ്ഞുപോയി.

അത്തരമൊരു കാഴ്ച മുമ്പ് ഞാന്‍ അനുഭവിച്ചത് ജര്‍മനിയില്‍ ആന്‍ഫ്രാങ്കിന്റെ വീട്ടില്‍ എത്തിയപ്പോഴാണ്. അവിടെയൊരു മ്യൂസിയമാണിപ്പോള്‍. നാസികളുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് അനുഭവങ്ങളൊക്കെ കണ്ടും കേട്ടും അറിയാവുന്ന ആ മ്യൂസിയം എന്നെ കരയിപ്പിച്ചു. എന്തിനാണ് ഈ ക്രൂരതകള്‍ വീണ്ടും വീണ്ടും ആളുകളെ അനുഭവിപ്പിക്കുന്നത്. ഞാന്‍ അതിന്റെ നടത്തിപ്പുകാരോട് ചോദിച്ചു. ലോകം ഇനി ഈ വഴി തെരെഞ്ഞെടുക്കാതിരിക്കാന്‍ വേണ്ടിയാണ്. അവര്‍ പറഞ്ഞു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ജീവിക്കുന്നതും ആരോ ഒരുക്കിവെച്ച കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലാണ്. അവര്‍ക്കതില്‍ നിന്ന് മോചനം നല്‍കേണ്ടത് ഭരണകൂടമാണ്. ഭരണഘടന വ്യവസ്ഥ ചെയ്യുന്ന എല്ലാ അവകാശങ്ങള്‍ക്കും ഈ മനുഷ്യരും അര്‍ഹരാണ്. അവരെ കണ്ടില്ലെന്ന് നടിച്ച് പോവാന്‍ സര്‍ക്കാരുകളെ അനുവദിക്കാനാവില്ല. ജനങ്ങളാണല്ലോ അവരെ തിരെഞ്ഞടുത്തത്. സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടും എന്നുതന്നെയാണ് വിശ്വാസം. എയിംസ് കാസര്‍കോടേയ്ക്ക് കൊണ്ടുവരാന്‍ അനുകൂല നടപടികളുണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം.

ഇപ്പോഴും അവരുടെ പ്രശനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നില്ല. ഒരു മാസം 2000 രൂപ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കാറുണ്ട്. കഴിഞ്ഞ അഞ്ചുമാസമായി ഈ പണം ഇവര്‍ക്ക് കിട്ടുന്നില്ല. ഇതൊക്കെ ആരുടെ അനാസ്ഥയാണ്. പലരും മരുന്നുവാങ്ങുന്നത് ഈ തുക കിട്ടിയിട്ടാണ്. ഇതൊക്കെ കൃത്യസമയത്ത് കൊടുക്കാനെങ്കിലും വ്യവസ്ഥ വേണ്ടേ ?

ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനുതാഴെ കിടന്നിട്ടും രണ്ടാഴ്ച കഴിയുന്നതുവരെ ഒരു ഉദ്യോഗസ്ഥനും തിരിഞ്ഞുനോക്കിയില്ല. രണ്ടു മന്ത്രിമാര്‍ എത്തിയതും ഏറെ വൈകിയാണ്. ഇവിടെ ഉദ്യോഗസ്ഥതലത്തില്‍ കാര്യങ്ങള്‍ പരിഹരിക്കുന്നത് കുറവാണെന്ന് തോന്നുന്നു. മുഖ്യമന്ത്രിയോ മന്ത്രിമാരോ നിര്‍ദേശം നല്‍കിയാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ അനങ്ങാറുള്ളൂ. മധ്യപ്രദേശില്‍ ഒരു സ്‌കൂളുമായി തുറക്കുന്നതുമായി ബന്ധപ്പെട്ട്് ഒരു സമരം നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കളക്ടറും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പാഞ്ഞെത്തി സ്‌കൂളിന് അനുമതി നല്‍കി. ഇവിടെ അത്തരമൊരു പരാതി പരിഹാരമില്ലെന്നാണ് മനസിലാക്കിയത്. എല്ലാം മന്ത്രി പറഞ്ഞാലേ നടക്കൂ.

മലയാളിയാണെങ്കിലും കേരളത്തിന് പുറത്താണ് ഇതിനുമുമ്പ് നടത്തിയ സമരങ്ങളെല്ലാം. വര്‍ഷങ്ങള്‍ക്കുമുമ്പ് പശ്ചിമഘട്ടസംരക്ഷണ ജാഥയില്‍ പങ്കെടുത്തു. പിന്നീടിപ്പോള്‍ ഇടപെടുന്നത് എന്‍ഡോസള്‍ഫാന്‍ സമരത്തിലാണ്. കേരളത്തില്‍ താമസിക്കാന്‍ ഇഷ്ടമില്ലെന്ന് നേരത്തെതന്നെ പറഞ്ഞു,ഇപ്പോഴും അതേ തീരുമാനത്തില്‍ തന്നെയാണോ ?

ഇനി കുറച്ചുകാലം കേരളത്തിലുണ്ടാകും. ജീവിക്കാനുള്ള സ്ഥലങ്ങളില്‍ കേരളം ആദ്യം എന്റെ പരിഗണനയിലില്ലായിരുന്നു. കാപട്യം നിറഞ്ഞ സമൂഹം,രാഷ്ട്രീയക്കാര്‍ എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. ആത്മാര്‍ഥതയുള്ളവരായി വളരെ കുറച്ചു പേരെയെ കണ്ടിട്ടുള്ളൂ. മധ്യപ്രദേശിലെ ബറൂളിലെ വീട്ടില്‍ വിശ്രമജീവിതത്തിനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. ഒപ്പം ആത്മകഥയുടെ രചനയിലും. ആ സമയത്താണ് കാസര്‍കോട് വരുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതരോട് മാറിമാറിവരുന്നസര്‍ക്കാറുകള്‍ കാണിക്കുന്ന ദയാരാഹിത്യം ഇപ്പോഴും എന്നെ ചുട്ടുപ്പൊള്ളിക്കുന്നു. ആദ്യതവണ കാസര്‍കോടുവന്നു തിരിച്ചു പോകുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. ബറൂളിലെ വീട്ടില്‍ എന്റെ കരച്ചില്‍ കാണാന്‍ എന്റെ പട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത തവണ കാസര്‍കോട് വന്നതു തന്നെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കു വേണ്ടിയാണ്. കാസര്‍കോട് അമ്പലത്തറയിലെ സ്നേഹവീട് എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു പകല്‍വീടാണ്. ഈ കുട്ടികള്‍ക്ക് തെറാപ്പി നല്‍കാന്‍ തണല്‍ എന്ന സംഘടനയുമായി സംസാരിച്ചു. കുട്ടികള്‍ക്ക് ഫിസിയോ തെറാപ്പി,സ്പീച്ച് തെറാപ്പി,ബിഹേവിയര്‍ തെറാപ്പി, സ്‌കില്‍ ഡെവലപ്മെന്റ് തുടങ്ങിയവ നല്‍കാന്‍ തുടങ്ങി. അത് കുട്ടികളില്‍ മാറ്റങ്ങളുണ്ടാക്കി.

ആറായിരത്തിലധികം എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ വിവിധ പഞ്ചായത്തുകളിലുണ്ട്. അവര്‍ക്കെല്ലാം നല്ല ചികിത്സയും റീഹാബിലിറ്റേഷനും കിട്ടണം. നല്ല ഡോക്ടര്‍മാര്‍ വരണം. എന്തെങ്കിലും അസുഖം വന്നാല്‍ മംഗലാപുരം പോകേണ്ട അവസ്ഥയാണ്. മികച്ച ഒരു ആശുപത്രി കാസര്‍കോടിനിന്നും സ്വപ്നമാണ്. കോവിഡ് വന്നപ്പോഴാണ് ഇതിന്റെ രൂക്ഷത അവര്‍ ശരിക്കും അനുഭവിച്ചത്. അതിര്‍ത്തി അടച്ചപ്പോള്‍ മംഗലാപുരത്തേയ്ക്കുള്ള വഴിയും അടച്ചു. അതോടു കൂടെ ചികിത്സ മുടങ്ങി. കേരളത്തില്‍ എയിംസ് അനുവദിക്കുകയാണെങ്കില്‍ അത് വരാന്‍ ഏറ്റവും അനുയോജ്യം എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള കാസര്‍കോട് തന്നെയാണ്.

എനിക്ക് കേരളത്തില്‍ കുറച്ചുകാലം ജീവിക്കേണ്ടിവരും. ബറൂളില്‍ ഞാന്‍ ജൈവകൃഷി ചെയ്യുന്നുണ്ട്, പഠിപ്പിക്കുന്നുണ്ട്. വിദേശസര്‍വകലാശാലകളില്‍ ക്ലാസുകള്‍ എടുക്കുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ജൈവകൃഷി പറഞ്ഞുകൊടുക്കണം എന്നൊക്കെയുണ്ട്. എന്തായാലും ആദ്യം അവര്‍ക്ക് മികച്ച ചികിത്സ കിട്ടട്ടെ. നല്ല ആശുപത്രികള്‍ വരട്ടെ, അവര്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ കൃത്യസമയത്ത് കിട്ടട്ടെ. അതുവരെ ഞാന്‍ ഇവിടെയുണ്ടാകും.

കേരളം എനിക്ക് തന്ന മോശം അനുഭവങ്ങള്‍ ഞാന്‍ ഓര്‍ക്കാറില്ല. വസ്ത്രം നോക്കി ആളുകളെ വിലയിരുത്തുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. ഇനി ആദിവാസികളുടെ വസ്ത്രം ധരിച്ചാല്‍ മതി എന്നത് ഞാനെടുത്ത ഒരു തീരുമാനമാണ്. ബസിലും ട്രയിനിലും സഞ്ചരിക്കുമ്പോള്‍ കേരളത്തില്‍ മാത്രമേ അതൊരു പ്രശ്നമായി മാറിയിട്ടുള്ളൂ. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത് പ്രശ്നമല്ല.

ഈ ധൈര്യം, ഈ ഊര്‍ജം എവിടെനിന്ന് കിട്ടുന്നു?

അനുഭവങ്ങള്‍ തന്നതാണ്. പപ്പ കോട്ടയം പൂവരണി സ്വദേശി മാത്യു സ്വാതന്ത്യസമര സേനാനിയായിരുന്നു. പപ്പയ്ക്കായിരുന്നു എന്നെയോര്‍ത്ത് ഏറെ അഭിമാനം. അദ്ദേഹം സാമൂഹിക പ്രവര്‍ത്തകന്‍ കൂടെയായിരുന്നു. നാട്ടിലെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ട് പരിഹാരം കാണും.ഗാന്ധിജിയായിരുന്നു അദ്ദേഹത്തിന്റെ ആരാധ്യപുരുഷന്‍, എന്റയും.

പതിനാറാമത്തെവയസ്സില്‍ മേഴ്സി മാത്യുവെന്ന ഞാന്‍ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു. പിന്നെ വടക്കേ ഇന്ത്യയിലായി ജീവിതം. ഇടയ്ക്ക് കന്യാസ്ത്രീമഠം വിട്ടു. പക്ഷെ യേശുവിനെ വിട്ടില്ല. മനുഷ്യരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന യേശു ആയി പിന്നീട് എന്റെ റോള്‍ മോഡല്‍. അശരണര്‍ക്ക് വേണ്ടി ജീവിക്കണമെന്ന് ആഗ്രഹം മദര്‍തേരേസയില്‍ നിന്ന് കിട്ടിയതാണ്. പിന്നീട് പഠിച്ചു, ഉന്നതബിരുദങ്ങള്‍ നേടി. ബംഗാളിലും ഇന്ത്യാ-പാക് യുദ്ധകാലത്ത് ബംഗ്ളാദേശിലും സന്നദ്ധസേവനം നടത്തി. നിരവധി സമരങ്ങളുടെ ഭാഗമായി. മധ്യപ്രദേശിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അവിടെതന്നെ താമസിക്കുന്നു.
മനുഷ്യാവകാശലംഘനങ്ങള്‍ എനിക്ക് സഹിക്കാന്‍കഴിയില്ല. ഒരു തീരുമാനം ഉണ്ടാവും വരെ പ്രവര്‍ത്തിക്കും. ഏറ്റെടുത്ത് ലക്ഷ്യത്തിലെത്തിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് മുന്നോട്ടുപോകാനുള്ള ഊര്‍ജവും ധൈര്യവും.

ദയാബായിയുടെ രാഷ്ട്രീയം എന്താണ് ?

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമാണ് എന്റെ രാഷ്ട്രീയം. അതെനിക്ക് മനപാഠമാണ്. അത് ദിവസവും പ്രാര്‍ഥന പോലെ ആവര്‍ത്തിക്കാറുമുണ്ട്. അത് ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അത് ഉറപ്പുവരുത്തേണ്ട്ത് ഭരണാധികാരികളുടെ ചുമതലയാണ്. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിയിലേക്കൊന്നും എനിക്ക് താല്പര്യമില്ല. ഈ ജീവിതം കൊണ്ട് എന്തെങ്കിലും നേടണമെന്ന് തോന്നിയിട്ടില്ല. നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമാകണമെന്ന് നേരത്തെ എടുത്ത തീരുമാനമാണ്. അവസാനശ്വാസം വരെ അത് തുടരും.

സമരം അവസാനിച്ചു, ഇനി എന്താണ്, എങ്ങോട്ടാണ് ?

സെക്രട്ടേറിയറ്റ് നടയിലെ സമരത്തിനുശേഷം കാലിനു നല്ല വേദനയുണ്ട്. ആശുപത്രിയിലേക്കും തിരിച്ചുമൊക്കെ വന്നപ്പോള്‍ കിട്ടിയതാണ്. ആരോഗ്യം ഒന്നു മെച്ചപ്പെട്ടിട്ട് ബറൂളിലേയ്ക്കുപോണം. ദീപാവലിക്ക് അവിടെയെത്തണം. അവിടെ കുറച്ചുപേര്‍ കാത്തിരിക്കുന്നുണ്ട്.

കുറച്ചുദിവസം കഴിഞ്ഞ് കാസര്‍കോട്ടെയ്ക്ക് തിരിച്ചുവരും. അവിടെ നിന്ന് ഫോണുകള്‍ വരുന്നു. നാട്ടുകാര്‍ വരുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ബാധിതനായ മകനെയും കൊണ്ട് ഒരമ്മ ജനറല്‍ ആശുപത്രിയില്‍ കാണാന്‍ വന്നിരുന്നു. അവര്‍ക്ക് വേണ്ടിയാണ് ഇനി ജീവിതം.
സര്‍ക്കാറില്‍ നിന്ന് കിട്ടിയ ഉറപ്പുകള്‍, ചെയ്യേണ്ട കാര്യങ്ങള്‍.വിശദമായ പദ്ധതികളുണ്ട്, നടപ്പിലാക്കാന്‍. എന്തായാലും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് നീതികിട്ടിയെന്ന് ഉറപ്പാകും വരെ ഇവിടെയുണ്ടാകും.

Content Highlights: fight for ensuring justice to endosulfan victims will continue says daya bai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented