കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റേത് അടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

കോഴിക്കോട് കരുവന്‍പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയർ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് വിവരം. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘര്‍ഷവുമാണ് വലിയൊരു കൂട്ടത്തല്ലില്‍ കലാശിച്ചത്. 

വിദ്യാര്‍ഥികള്‍ പരീക്ഷക്കായി സ്‌കൂളിലെത്തുമ്പോള്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത സ്‌കൂള്‍ അധികൃതര്‍ മുൻകൂട്ടി കണ്ടിരുന്നു. അതിനാല്‍ തന്നെ സ്‌കൂളില്‍വെച്ചൊരു സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് സ്‌കൂളുകളുടേയും സമീപമുള്ള ചൂണ്ടപ്പുറത്ത് എന്ന് സ്ഥലത്തുവെച്ചാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. 

ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്. നാട്ടുകാര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: Fight between school students in Koduvally