ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:PTI,മാതൃഭൂമി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ബലപരീക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരിക്കല്‍ കൂടി തിരിച്ചടിയേറ്റിരിക്കുകയാണ്. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരിന് കോടതികളില്‍നിന്ന് തുടര്‍ച്ചയായ ആഘാതമേല്‍ക്കുന്നത്.
എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിന് നല്കിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചതാണ് ഏറ്റവും ഒടുവിലെ ആഘാതം. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമനത്തിനുള്ള നടപടി റദ്ദാക്കിയിട്ട് പത്തുനാള്‍ പിന്നിടുമ്പോഴാണ് ഹൈക്കോടതിയില്‍നിന്ന് മറ്റൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്.
സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നിയമനം യു.ജി.സി. ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഇത്. തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഡോ. സിസ തോമസിന് ഗവര്‍ണര്‍ താത്കാലിക ചുമതല നല്‍കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയന്റ് ഡയറക്ടറാണ് സിസ തോമസ്. സര്‍ക്കാര്‍ നിര്‍ദേശിച്ചവരെ തള്ളിക്കൊണ്ടാണ് ഗവര്‍ണര്‍ സിസ തോമസിനെ നിയമിച്ചത്. സിസ തോമസിന് മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ചാന്‍സലറുടെ നടപടിയില്‍ തെറ്റൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളുകയാണ് ഉണ്ടായത്. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടുപേര്‍ക്കും യോഗ്യതയില്ലെന്ന ഗവര്‍ണറുടെ കണ്ടെത്തലും കോടതി ശരിവെക്കുകയുണ്ടായി.
ഗവര്‍ണര്‍ക്ക് രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. അത് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവര്‍ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഈ ഘട്ടത്തില്‍ ഗവര്ണറുന്നയിച്ച കാര്യങ്ങള്‍ കോടതി തുടര്‍ച്ചയായി ശരിവെക്കുന്നത് സര്‍ക്കാരിനെയും എല്‍.ഡി.എഫിനെയും അലോസരപ്പെടുത്തുന്നുണ്ട്. ഗവര്‍ണറെ നിയമപരമായി നേരിടുന്നതിന് നിയമോപദേശം തേടി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിടുമ്പോഴും കോടതികളില്‍നിന്ന് തുടര്‍ച്ചയായി തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
പ്രിയ വര്‍ഗീസിന്റെ നിയമനത്തിലെ വിധി കൂടാതെ ഈ മാസം ആദ്യം മറ്റൊരു തിരിച്ചടി കൂടി സര്‍ക്കാരിന് നേരിടേണ്ടി വന്നിരുന്നു. ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. ഗവര്‍ണര്‍ നേരത്തെ രാജി ആവശ്യപ്പെട്ട വി.സിമാരില്‍ ഒരാളായിരുന്നു അദ്ദേഹം.
സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു ഗവര്‍ണര്‍ മറ്റു സര്‍വകലാശാല വി.സിമാരോട് രാജി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വി.സിമാര്‍ രാജിവെക്കാന്‍ തയ്യാറായിരുന്നില്ല സര്‍ക്കാര്‍ ഇവര്‍ക്ക് പൂര്‍ണപിന്തുണയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് സര്‍വകലാശാല വി.സിയെ ഹൈക്കോടതി പുറത്താക്കിയതോടെ മറ്റു വി.സിമാരുടെ നിലയും ഇപ്പോള്‍ പരുങ്ങലിലാണ്.
Content Highlights: fight against the governor-Continuation of setbacks for kerala Government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..