തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി.ജലീല്‍. ബന്ധുനിയമന വിവാദത്തില്‍ പെട്ട് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയും. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് നാളുകള്‍ പിന്നിടുമ്പോഴാണ് ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇ.പി.ജയരാജന്റെ രാജി ഉണ്ടാകുന്നത്. സമാനമായ വിവാദത്തിലകപ്പെട്ടുളള ജലീലിന്റെ രാജിയോടെ മന്ത്രിമാരുടെ രാജിയില്‍ മുന്നിലാണ് പിണറായി സര്‍ക്കാര്‍. 

ആരോപണങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നെങ്കിലും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ  അഞ്ചുവര്‍ഷത്തില്‍ മൂന്നുമന്ത്രിമാര്‍ മാത്രമാണ് രാജിവെച്ചത്. ഗാര്‍ഹികപീഡനപരാതിയില്‍ കെ.ബി. ഗണേഷ്‌കുമാറും ബാര്‍കോഴക്കേസില്‍ കെ.എം.മാണിയും പുറത്തായി. ബാര്‍കോഴയില്‍ ആരോപണവിധേയനായ കെ.ബാബു രാജിവെച്ചെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാജി ഗവര്‍ണര്‍ക്ക് കൈമാറിയില്ല. ബാബു തിരിച്ചെത്തി. 

2016 മേയ് 25-നാണ് പിണറായി മന്ത്രിസഭ അധികാരമേറ്റത്. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജന് മാസങ്ങള്‍ക്കകം ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രിസഭ വിടേണ്ടിവന്നു. പിന്നാലെ ഫോണ്‍കെണിയില്‍ കുടുങ്ങിയ എ.കെ. ശശീന്ദ്രനും. മൂന്നാമന്‍ തോമസ് ചാണ്ടി ആയിരുന്നു. പിന്നീട് മാത്യു ടി.തോമസും ഒടുവില്‍ ജലീലിലും രാജിവെച്ചിരിക്കുന്നു. ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. 

2016 ഒക്ടോബര്‍ 14

ഇ.പി. ജയരാജന്റെ രാജി. വ്യവസായ മന്ത്രിയായിരുന്ന ജയരാജന്‍ വകുപ്പിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ഭാര്യാസഹോദരി പി.കെ. ശ്രീമതി എം.പി.യുടെ മകന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ നിയമിച്ചത് വിവാദമായി. പത്തുദിവസംനീണ്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ രാജി. വിജിലന്‍സ് പിന്നീട് ജയരാജനെ കുറ്റവിമുക്തനാക്കി. കോടതി ഇത് അംഗീകരിച്ചു. 

2017 മാര്‍ച്ച് 26 

ഗതാഗതമന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ രാജിവെച്ചു. ചാനല്‍ ഒരുക്കിയ പെണ്‍കെണിയില്‍പ്പെട്ട ശശീന്ദ്രന്റെ അശ്ലീലസംഭാഷണം ചാനല്‍ പുറത്തുവിട്ടു. സംഭാഷണം പുറത്തുവന്ന അന്നുതന്നെ രാജി. തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് തോമസ് ചാണ്ടി ഗതാഗതവകുപ്പ് മന്ത്രിയായി. ഈ കേസ് ഇപ്പോള്‍ ഒത്തുതീര്‍പ്പിന്റെ വഴിയിലാണ്. ജുഡീഷ്യല്‍ കമ്മിഷന്റെ അന്വേഷണവും നടക്കുന്നു. 

229 ദിവസത്തെ മന്ത്രി

2017 നവംബര്‍ 15 തോമസ് ചാണ്ടിയുടെ രാജി. തോമസ് ചാണ്ടി മന്ത്രിയായിരുന്നത് 229 ദിവസം-ഏഴുമാസവും 15 ദിവസവും. ഒരുവര്‍ഷംകൊണ്ട് കെ.എസ്.ആര്‍.ടി.സി.യെ ലാഭത്തിലാക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരമേറ്റു. കെ.എസ്.ആര്‍.ടി.സി.യുടെ സാമ്പത്തികപുരോഗതി സ്വപ്നമായി തുടരുന്നു. 

2018 നവംബര്‍ 26

ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു. രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെ ഡി എസ് കേരളാഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണപ്രകാരമായിരുന്നു മാത്യു ടി തോമസിന്റെ രാജി. മാത്യു ടി തോമസിനു പകരം, പാലക്കാട് ചിറ്റൂരില്‍നിന്നുള്ള എം എല്‍ എ കെ കൃഷ്ണന്‍കുട്ടി മന്ത്രിസഭയിലെത്തി. 

2021 ഏപ്രില്‍ 13 

മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി. 

ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീല്‍ രാജിക്കത്തില്‍ പറഞ്ഞത്. ലോകായുക്തയില്‍ നിന്ന് ഇത്തരമൊരു വിധി വന്നതിനാല്‍ രാജിവയ്ക്കുന്നുവെന്നും രാജിക്കത്തില്‍ പറയുന്നു. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്ത വിധിയാണ് ജലീലിന്റെ രാജി അനിവാര്യമാക്കിയത്. 

സ്വര്‍ണക്കടത്ത് വിവാദത്തിലും ജലീലിനെ ചോദ്യം ചെയ്തപ്പോഴും അക്ഷോഭ്യനായി നിലകൊണ്ട മന്ത്രിക്കാണ് ബന്ധു നിയമനത്തില്‍ മന്ത്രിപദവി രാജിവെക്കേണ്ടി വന്നത്. യോഗ്യത മാനദണ്ഡം തന്നെ തിരുത്തിയാണ് ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ജലീല്‍ നിയമിച്ചത്. വിവാദം വലിയ ചര്‍ച്ചയായതോടെ അദ്ദേഹം മാനേജര്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാനമൊഴിഞ്ഞതുകൊണ്ട് ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ നിയമനത്തിലെ സ്വജനപക്ഷപാതത്വം നിലനില്‍ക്കുമെന്ന് ലോകായുക്ത വിധിച്ചു

ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന ലോകായുക്തയുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2016ല്‍ മന്ത്രിയായി ജലീല്‍ അധികാരമേറ്റ് രണ്ടുമാസത്തിനകം തന്നെ കെ.ടി അദീബിനെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. 2018 ഒക്ടോബറില്‍ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും അതിലെ ചട്ടലംഘനങ്ങളും എടുത്തപറഞ്ഞായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ന്യൂനപക്ഷ ധനകാര്യ വികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് അദീബിന്റെ നിയമനമെന്നും സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം ജലീല്‍ തള്ളിയെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. 

ലോകായുക്ത പരാമര്‍ശം:പടിയിറങ്ങിയവരില്‍ കെ.കെ. രാമചന്ദ്രന്‍മുതല്‍ യെദ്യൂരപ്പവരെ

ലോകായുക്തയുടെ വിധിയും പരാമര്‍ശവും കസേര നഷ്ടമാക്കിയവരുടെ കൂട്ടത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രന്‍മുതല്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പവരെയുള്ളവര്‍. പ്രതിപക്ഷ മുറവിളിയെക്കാള്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തക്കംപാര്‍ത്തിരുന്നവര്‍ രാജിയാവശ്യം ഏറ്റുപിടിച്ചതാണ് രാമചന്ദ്രന്റെയും മറ്റും പടിയിറക്കത്തിന് ആക്കംകൂട്ടിയത്. 2006-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന രാമചന്ദ്രന്റെ വകുപ്പ് മന്ത്രിസഭാ പുനഃസംഘടനയോടെ എടുത്തുമാറ്റിയേക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. മന്ത്രിസഭാ യോഗത്തില്‍നിന്ന് അദ്ദേഹം വിട്ടുനിന്നതോടെ ഇത് ശക്തമായി. അതിനിടെയാണ് ആരോഗ്യവകുപ്പിലെ ക്രമക്കേട് സംബന്ധിച്ച പരാതി ലോകായുക്ത പരിഗണിക്കുന്നത്. മന്ത്രിക്കും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ് അയച്ചു. മുഖ്യമന്ത്രിയുടെ അറിവിലേക്ക് ലോകായുക്ത പ്രത്യേക കുറിപ്പും നല്‍കി.

കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ചു. അതിനിടെ ലോകായുക്തയില്‍ മൊഴിനല്‍കിയ വയനാട് ഡി.എം.ഒ.യെ മന്ത്രി ഭീഷണിപ്പെടുത്തിയെന്ന വിവരം പുറത്തുവന്നു. പരാതിക്കാരനെ മന്ത്രി ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ടേപ്പ് ജനുവരി 13-ന് ഒരു ചാനല്‍ പുറത്തുവിട്ടതോടെ വിവാദം വീണ്ടും കത്തി. മന്ത്രിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. വൈകുന്നേരത്തോടെ മുഖ്യമന്ത്രിതന്നെ രാമചന്ദ്രന്റെ രാജി സ്ഥിരീകരിച്ചു. ലോകായുക്ത ഉത്തരവ് വരുംമുമ്പായിരുന്നു രാമചന്ദ്രന്റെ രാജി.

കൂടുതല്‍ അധികാരങ്ങളുള്ള കര്‍ണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ റിപ്പോര്‍ട്ടാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പയുടെ വന്‍വീഴ്ചയ്ക്കു കാരണമായത്.

ദക്ഷിണേന്ത്യയില്‍ ആദ്യ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിച്ചാണ് 2008-ല്‍ െയദ്യൂരപ്പ താരമായത്. കെണിയായത് അനധികൃത ഖനനവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോര്‍ട്ടായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത്‌ െയദ്യൂരപ്പയും കുടുംബവും അഴിമതി നടത്തിയെന്ന ലോകായുക്ത റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേന്ദ്രനേതൃത്വം ഇടപെട്ട് 2011 ജൂലായ് 28-ന് രാജിവെപ്പിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ മൃഗസംരക്ഷണ മന്ത്രിയായ അവധ്പാല്‍സിങ് യാദവിനെ നീക്കംചെയ്യണമെന്ന ലോകായുക്ത വിധിയില്‍ 2011-ല്‍ മുഖ്യമന്ത്രി മായാവതി അദ്ദേഹത്തില്‍നിന്ന് രാജിവാങ്ങി. മൃഗാശുപത്രികള്‍ നിര്‍മിക്കാനുള്ള കരാറുകള്‍ ബന്ധുക്കള്‍ക്ക് നല്‍കിയെന്നായിരുന്നു ആരോപണം.

ജാമാതാവിനെ ജയില്‍വകുപ്പില്‍ വെല്‍ഫയര്‍ ഓഫീസറായി നിയമിച്ച മധ്യപ്രദേശ് മന്ത്രി ഹാജി ഇനായത്ത് മുഹമ്മദ് പൊതുസ്ഥാനങ്ങളൊന്നും വഹിക്കാന്‍ പാടില്ലെന്ന് 1985-ല്‍ മധ്യപ്രദേശ് ലോകായുക്ത പി.വി. ദീക്ഷിത് വിധിപറഞ്ഞിരുന്നു. 2011 ഫെബ്രുവരിയില്‍ ലോകായുക്ത കുറ്റക്കാരനെന്നു കണ്ടെത്തിയ ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ചൗഹാന്‍ അടക്കം പലരും രാജിവെക്കാത്ത ചരിത്രവുമുണ്ട്.