ഇടുക്കി: മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കൊക്കയാറിലാണ് സംഭവം. റസല്‍ മുഹമ്മദ് എന്ന പതിനഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ റസല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ട മാതാവ് ഫോണ്‍ വാങ്ങി മാറ്റിവെച്ചിരുന്നു. കുട്ടിയോട് പഠിക്കാന്‍ ആവശ്യപ്പെടുകയും പഠനത്തിന് ശേഷം മൊബൈല്‍ തിരികെ നല്‍കാമെന്ന് മാതാവ് പറയുകയും ചെയ്തിരുന്നു.

ഉച്ചയോടെ കുട്ടി പഠനത്തിന് ശേഷം മാതാവിനെ സമീപിക്കുകയും ഫോണ്‍ കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെ മാതാവും സഹോദരിയും തൊട്ടടുത്തുള്ള വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ റസലിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ട് തുറക്കാത്തതിനെത്തുടര്‍ന്ന് മാതാവും സഹോദരനും മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മൊബൈല്‍ ഫോണ്‍ നല്‍കാത്തതിലുള്ള മനോവിഷമത്തില്‍ റസല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: fifteen year old commits suicide for not giving mobile phone