മലപ്പുറം: താന്‍ യുഡിഎഫിനെ തള്ളിപറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയും മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചതിലടക്കം ക്ഷമചോദിച്ചും തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഫിറോസ് കുന്നംപറമ്പില്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.

താന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖം അവര്‍ക്ക് താത്പര്യമുള്ള രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ എല്‍ ഡി എഫ് വിജയം കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ് രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ വിലയിരുത്തിയത്. തവനൂരിലെ ജനങ്ങള്‍ക്ക് ഞാന്‍ നല്‍കിയ ഒരു വാക്കുണ്ട്. വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളില്‍ ഒരാളായി ഞാന്‍ ഉണ്ടാകും എന്ന്- അത് ഞാന്‍ ഉറപ്പ് നല്‍കുന്നു.

എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കക്കാരന്‍ എന്ന നിലയിലും ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂവിന്റെ പേരില്‍ വലിയ രൂപത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു' ഫിറോസ് കുന്നംപറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫിറോസ് യുഡിഎഫിനെ തള്ളിപ്പറയുകയും എല്‍ഡിഎഫിന്റേയും മുഖ്യമന്ത്രിയുടേയും ഭരണപാടവങ്ങളേയും പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. 'വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്. അല്ലാതെ വാഗ്ദാനങ്ങളല്ല. കൊറോണ കാലത്ത് മുഖ്യമന്ത്രി നല്‍കിയ ഭക്ഷ്യകിറ്റും പെന്‍ഷനും വിലകുറച്ച് കാണാനാവില്ല. എല്‍ഡിഎഫ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. യുഡിഎഫിലാണെങ്കില്‍ അഞ്ചും പത്തും തവണ മന്ത്രിയായവര്‍ വീണ്ടും സ്ഥാനത്തിന് വേണ്ടി കടിപിടി കൂടുന്നത് കാണാമായിരുന്നു' എന്നതടക്കമുള്ള കാര്യങ്ങളാണ് ഫിറോസ് അഭിമുഖത്തില്‍ പറഞ്ഞത്. തനിക്ക് രാഷ്ട്രീയമില്ലെന്നും ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഫിറോസിനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹം ക്ഷമാപണവുമായി രംഗത്തെത്തിയത്.

വാല്‍ മുറിച്ചോടുന്ന പല്ലിയാകരുത് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.

ഫിറോസ് കുന്നംപറമ്പിലിന്റെ ഫെയ്‌സബുക്ക് പോസ്റ്റിന്റെ പ്രധാനഭാഗം...

ഈ തിരഞ്ഞെടുപ്പില്‍ തവനുരിലെ യുഡിഫ് പ്രവര്‍ത്തകര്‍  നല്‍കിയ പിന്തുണയില്‍ ആണ് 20ദിവസത്തോളം എനിക്ക് പ്രചരണം നടത്താനായത്.... ഞാന്‍ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ മഹാരഥന്മാര്‍ മത്സരിച്ച കൈപ്പത്തി ചിഹ്നത്തില്‍ ആണ്.... 

ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയത്... കോണ്‍ഗ്രസ് മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്പോഴും എനിക്ക് താങ്ങായി തണലായി അവര്‍ ഉണ്ടായിരുന്നു......

കേരളത്തിലെ എല്‍ ഡി എഫ് വിജയം  രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ വിലയിരുത്തിയത് കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ്. തവനുരിലെ ജനങള്‍ക്ക് ഞാന്‍ നല്‍കിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളില്‍ ഒരാളായി ഞാന്‍ ഉണ്ടാകും എന്ന് അത് ഞാന്‍ ഉറപ്പ് നല്‍കുന്നു.... 

തവനൂര്‍ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല.. പൊതുപ്രവര്‍ത്തനവും സാമൂഹ്യപ്രവര്‍ത്തനവും നടത്താന്‍ നമുക്ക് ആര്‍ക്കും MLA ആകണം എന്നൊന്നും ഇല്ല.. 

എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരന്‍ എന്ന നിലയിലും ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വലിയ രൂപത്തില്‍ യുഡിഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു

എന്ന് ,ഫിറോസ് കുന്നംപറമ്പില്‍