തിരുവനന്തപുരം: അശ്ലീല വീഡിയോകള്‍ വഴി സ്ത്രീകളെ അപമാനിച്ചയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക. യൂട്യൂബറായിരുന്ന വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍  ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. വിജയ് താമസിക്കുന്ന ലോഡ്ജിലെത്തിയ മൂവരും വിജയിയെ മര്‍ദ്ദിക്കുകയും ദേഹത്ത് കരിയോയില്‍ ഒഴിക്കുകയും മാപ്പുപറയിക്കുകയും ചെയ്യിച്ചിരുന്നു.

പിന്നീട് വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് മോഷണം കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും പിന്തുണയുമായി നിരവധി  പ്രമുഖര്‍ രംഗത്തെത്തി. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഭാഗ്യലക്ഷ്മിയെയും സുഹൃത്തുക്കളെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മമായ ഫെഫ്കയും ഭാഗ്യലക്ഷ്മിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഭാഗ്യലക്ഷ്മി നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണെന്നും അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമായണെന്നും ഫെഫ്ക ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം  

സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്.  ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവര്‍ നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്. തീര്‍ച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, സൈബര്‍ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളില്‍, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാന്‍ കഴിയൂ. ഭാഗ്യലക്ഷ്മിയോട് ഐക്യദാര്‍ഢ്യം. അവരെ അപമാനപ്പെടുത്തിയ ആള്‍ക്കും അവര്‍ക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവര്‍ത്തികള്‍ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

Content Highlight: FEFKA support Bhagyalakshmi