തിരുവനന്തപുരം: നോട്ടുകള്‍ക്ക് ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിലേയ്ക്ക് അടയ്‌ക്കേണ്ട ഫീസുകള്‍ക്കും നികുതികള്‍ക്കും സാവകാശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 30 വരെ എല്ലാത്തരം ഫീസുകളും പിഴയില്ലാതെ അടയ്ക്കാന്‍ സമയം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിട നികുതി, വൈദ്യുതി ബില്‍, വെള്ളക്കരം, ടെലഫോണ്‍ ബില്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട തുകകള്‍ക്കാണ് സാവകാശം നല്‍കുക. മോട്ടോര്‍ വാഹന നികുതിയും പിഴകൂടാതെ നവംബര്‍ 30 വരെ അടയ്ക്കാം. 

തുക അടയ്‌ക്കേണ്ട തീയതി കഴിഞ്ഞവര്‍ക്കും ഇളവ് ബാധകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വാറ്റ്, എക്‌സൈസ് നികുതികള്‍ക്ക് ഇളവ് ബാധകമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം ഡിസംബര്‍ 30 വരെ നീട്ടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതം വിവരണാതീതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുസംബന്ധിച്ച കേന്ദ്ര ധനമന്ത്രിയെ കണ്ട് ചര്‍ച്ച ചെയ്യുമെന്നും പിണറായി വിജയന്‍ അറിയിച്ചു. ഡല്‍ഹിയിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.