ഫെഡറൽ ബാങ്ക് മാതൃഭൂമി സ്പിക് ഫോർ ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടിയ അൽക്ക മരിയ സൈമൺ (വലത്ത്) റണ്ണറപ്പായ അഡോണി ടി ജോൺ, പോപ്പുലർ ചോയ്‌സ് അവാർഡ് ലഭിച്ച ഹിബ വി എന്നിവർ
ആലപ്പുഴ: വാക്കുകള്‍ അറിവിന്റെ ആയുധമായി. ആശയ സംവാദത്തില്‍ പോരാട്ടാം തീപാറി. ഫെഡറല്‍ ബാങ്ക് മാതൃഭൂമി സഹകരണത്തോടെ സംഘടിപ്പിച്ച സ്പീക്ക് ഫോര്‍ ഇന്ത്യ ഗ്രാന്‍ഡ് ഫിനാലെയില്‍ പാലാ സെയ്ന്റ് തോമസ് കോളേജിലെ അല്‍ക്ക മരിയ സൈമണ്‍ ജേതാവായി. എം.ജി. സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് ഗവേഷക വിദ്യാര്‍ഥി അഡോണി ടി. ജോണ്‍ റണ്ണറപ്പായി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ വി. ഹിബ പോപ്പുലര്‍ ചോയ്‌സായും തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നായി 75,000 മത്സരാര്‍ഥികളില്‍ നിന്ന് നാലുഘട്ടങ്ങളിലായി നടന്ന സംവാദപരിപാടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എട്ടുപേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്തത്. ആലപ്പുഴ പാതിരപ്പള്ളി കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ഗ്രാന്‍ഡ് ഫിനാലെ.
ഒന്നാം സ്ഥാനം നേടിയ അല്‍ക്ക മരിയ സൈമണ്‍ എം.എ. ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിനിയാണ്. ഒന്നരലക്ഷം രൂപ ക്യാഷ് അവാര്‍ഡും 50,000 രൂപയുടെ സ്‌കോളര്‍ഷിപ്പുമാണ് ഒന്നാം സ്ഥാനത്തിന്. കൂടാതെ പാലാ സെയ്ന്റ് തോമസ് കോളേജിന് 25,000 രൂപയും സമ്മാനമുണ്ട്.
രണ്ടാം സ്ഥാനം നേടിയ അഡോണി ടി. ജോണിന് ഒരുലക്ഷം രൂപയാണ് ക്യാഷ് പ്രൈസ്. 20,000 രൂപ പഠിക്കുന്ന സ്ഥാപനത്തിനും നല്‍കി. പോപ്പുലര്‍ ചോയ്‌സ് അവാര്‍ഡ് നേടിയ വി. ഹിബയ്ക്ക് 80,000 രൂപയാണ് ക്യാഷ് പ്രൈസ്.
ഫൈനല്‍ റൗണ്ടിലെത്തിയ ആര്‍.എസ്. ഹരികൃഷ്ണന്‍ (ഗവ. കോളേജ്, കാര്യവട്ടം), അര്‍ച്ചന പ്രകാശ് (ഗവ. ലോ കോളേജ്, തൃശ്ശൂര്‍), എസ്.എസ്. അനുശ്രുതി (ഗവ. ലോ കോളേജ്, തിരുവനന്തപുരം), അഖില്‍ ഡി. വര്‍ഗീസ് (ബിഷപ്പ്മൂര്‍ കോളേജ്, മാവേലിക്കര), എ.എസ്. അനുഷ (യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനമായി 25,000 രൂപവീതവും ലഭിച്ചു.
ചലച്ചിത്രതാരം ഐശ്വര്യ ലക്ഷ്മി മുഖ്യാതിഥിയായി. ഫെഡറല്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ ഗ്രെയ്‌സ് എലിസബത്ത് കോശി, എം.ഡി.യും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്‍ഡ് ബിസിനസ് ഹെഡ് ജോസ് കെ. മാത്യു, സി.എസ്.ആര്‍. ഹെഡ് രാജു ഹോര്‍മിസ്, മാതൃഭൂമി റീജണല്‍ മാനേജര്‍ സി. സുരേഷ് കുമാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.
എ.പി.എം. മുഹമ്മദ് ഹനീഷ്, റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.എന്‍. രാഘവന്‍, ഗുരുവായൂരപ്പന്‍ കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫ. ഡോ. ആര്യ ഗോപി തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. സന്ദീപ് രാമചന്ദ്രനായിരുന്നു മോഡറേറ്റര്‍.
കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍ക്കോ ഷട്ടോരി, താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, ജെസ്സെല്‍ കാര്‍ണിറോ എന്നിവര്‍ അതിഥികളായെത്തി കാണികളെ ആവേശത്തിലാക്കി. നിപ വൈറസ് കേരളത്തില്‍ കണ്ടെത്താന്‍ സഹായിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ.എ.എസ്. അനൂപും അതിഥിയായെത്തി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമ സംവിധായകന്‍ ശംഭു പുരുഷോത്തമനും താരങ്ങളും കാണികളുമായി സംവദിച്ചു. എറണാകുളം എടത്തല കെ.എം.ഇ.എ. കോളേജ് വിദ്യാര്‍ഥികളുടെ കലാപ്രകടനവുമുണ്ടായിരുന്നു.
Content Highlights: Federal Bank Speak for India, Mathrubhumi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..