നിദ്വൈദിന്റെ കാൽ ശാസ്ത്രക്രിയ നടത്തിയശേഷം, രക്ഷിതാവ് കുട്ടിയുടെ കാലിൽനിന്ന് പുറത്തെടുത്ത മുള്ള്
പനമരം: കാലില്‍ മുള്ളുതറച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയ എട്ടുവയസ്സുകാരന്റെ ശസ്ത്രക്രിയയില്‍ വീഴ്ചസംഭവിച്ചതായി പരാതി. കാലില്‍ മുള്ളില്ലാത്ത ഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും വേദന മാറാത്തതിനാല്‍ വീട്ടുകാര്‍ പരിശോധിച്ചപ്പോള്‍ മുള്ള് കണ്ടതിനെത്തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
പനമരം അഞ്ചുകുന്ന് മാങ്കണ്ണി കുറിച്യക്കോളനിയിലെ രാജന്റെയും വിനീതയുടെയും മകന് നിദ്വൈദിനെയാണ് കാലില്‍ മുള്ളുതറച്ചതിനെത്തുടര്ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കഴിഞ്ഞ മൂന്നിന് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. അന്ന് മരുന്നുനല്‍കി തിരിച്ചയച്ചു. വേദന കുറയാതെവന്നതോടെ വീണ്ടും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നാലുദിവസം അവിടെ കിടത്തി ചികിത്സിച്ചു. എക്സ് റേ പരിശോധനയില്‍ കാലില്‍ എന്തോ തറച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി വയനാട്ടില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുള്ള് പുറത്തെടുക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കി. ആറുദിവസമാണ് അവിടെ കഴിഞ്ഞത്. 17-ന് ആശുപത്രി വിട്ടു. വീണ്ടും വേദനവന്നാല് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് വിശദമാക്കിയായിരുന്നു ഡിസ്ചാര്‍ജ്.
എന്നാല്‍, വീട്ടിലെത്തിയിട്ടും വേദന കുറഞ്ഞില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മകന്റെ കാലിലെ കെട്ടഴിച്ച് പരിശോധിച്ച അച്ഛന് ശസ്ത്രക്രിയചെയ്ത ഭാഗത്തിന് സമീപത്ത് പഴുപ്പുകണ്ടു. തുടര്‍ന്ന് ചെറിയ കത്രികകൊണ്ട് പഴുപ്പ് നീക്കംചെയ്തപ്പോഴാണ് മുള്ള് പുറത്തെടുക്കാനായത്. ഒന്നരസെന്റീമീറ്റര്‍ നീളമുള്ള മുളയുടെ മുള്ളാണ് കിട്ടിയതെന്ന് കുട്ടിയുടെ അച്ഛന് രാജന് പറയുന്നു.
അതേസമയം, എക്സ്റേ പരിശോധനയില്‍ മുള്ള് കാണില്ലെന്നും അതിന് സ്കാനിങ് നടത്തണമെന്നുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ നല്കിയ വിശദീകരണം.
Content Highlights: fault in surgery complaint against medical college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..