തിരുവനന്തപുരം: കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിതാവും പേരൂര്‍ക്കട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ് ജയചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മകള്‍ അനുപമ. പാര്‍ട്ടിയുടെ പേര് പറഞ്ഞ് ഇക്കാര്യങ്ങളെല്ലാം ചെയ്തത് ശരിയായില്ല. നേരത്തെ ഷിജുഖാനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടതും ഇതേ കാരണത്താലാണെന്നും അനുപമ പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. 

അച്ഛന്‍ ഇപ്പോഴും പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇത്രത്തോളമായിട്ടും അച്ഛനോട് പാര്‍ട്ടി ഇപ്പോഴും വിശദീകരണം ചോദിക്കാത്തതിലും നടപടി സ്വീകരിക്കാത്തതിലും അതൃപ്തിയുണ്ട്. വിഷയത്തില്‍ തനിക്ക് പിന്തുണ നല്‍കേണ്ട സമയത്ത് പാര്‍ട്ടി അതുതന്നിട്ടില്ല. ഇപ്പോള്‍ നല്‍കിയ വാക്കാലുള്ള പിന്തുണ ചെയ്തുകാണിച്ചാല്‍ വിശ്വസമാകുമെന്നും അനുപമ പറഞ്ഞു. 

അതേസമയം, ഒരുവശത്ത് പാര്‍ട്ടി പിന്തുണ നല്‍കുമ്പോള്‍ മറ്റൊരു വശത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സൈബര്‍ ആക്രമണം നടത്തുന്നതെന്നും അനുപമ കുറ്റപ്പെടുത്തി. ഇത്തരം പ്രചാരണങ്ങളില്‍ സങ്കടമുണ്ട്. പാര്‍ട്ടിയുടെ പേജില്‍നിന്നുതന്നെ സൈബര്‍ ആക്രമണം വരുമ്പോള്‍ അതിന് തടയിടാന്‍ നേതൃത്വത്തിന് സാധിക്കില്ലേയെന്നും അനുപമ ചോദിച്ചു. 

അച്ഛന്‍ തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഒരിക്കലും പറയില്ല. എന്നാല്‍ തന്റെ ജീവനെ തന്നെ അപായപ്പെടുന്ന തരത്തിലേക്ക് അതുപോയി. സ്വന്തം കുഞ്ഞിനെ വേണമെന്ന് പറയുമ്പോള്‍ കുട്ടിയെ പിടിച്ചുമാറ്റിയിട്ടല്ല മകളെ സംരക്ഷിക്കേണ്ടത്. കുഞ്ഞിനെ മാറ്റുന്ന സന്ദര്‍ഭത്തില്‍ താന്‍ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യം അച്ഛനറിയാം. ശിശുക്ഷേമ സമിതിയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നതല്ല മാറ്റിനിര്‍ത്തല്‍. സുരക്ഷിതമായി മാറ്റിനിര്‍ത്തിയിരുന്നുവെങ്കില്‍ ഇപ്പോഴും മാതാപിതാക്കളെ ഇഷ്ടപ്പെടുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. 

ചേച്ചിയുടെ കല്യാണം വരെ മാറ്റിനിര്‍ത്തുകയാണെന്നും അതിനുശേഷം കുഞ്ഞിനെ തിരിച്ചുതരുമെന്നും പറഞ്ഞാണ് കുഞ്ഞിനെ കൊണ്ടുപോയത്. താത്കാലിക സംരക്ഷണം എന്നപേരില്‍ കൊണ്ടുപോയി കുഞ്ഞിനെ ഉപേക്ഷിച്ചു. ഇക്കാര്യമാണ് തന്റെ പരാതിയിലുമുള്ളത്. പരാതി നല്‍കുമ്പോഴെങ്കിലും കുഞ്ഞിനെ നല്‍കിയത് അമ്മത്തൊട്ടിലിലാണെന്ന് മാതാപിതാക്കള്‍ക്ക് തന്നോട് പറയാമായിരുന്നുവെന്നും അനുപമ പറഞ്ഞു. 

content highlights: father should be expelled from the party says anupama