കോലഞ്ചേരി: അച്ഛന്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച 54 ദിവസം പ്രായമുള്ള കുഞ്ഞ് ഇപ്പോഴും അബോധാവസ്ഥയില്‍. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ തലച്ചോറില്‍ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്, കാലുകളില്‍ ചതവുമുണ്ട്. തലച്ചോറിന്റെ പ്രഷര്‍ കണ്‍ട്രോള്‍ ചെയ്യാനുളള ചികിത്സയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് കോലഞ്ചേരി മെഡി.കോളേജിലെ ഡോ.സോജന്‍ ഐപ്പ് അറിയിച്ചു.
കുഞ്ഞിനെ അച്ഛനും അമ്മയും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും കാഷ്വാലിറ്റിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടിക്ക് കട്ടിലില്‍ നിന്ന് വീണ് പരിക്കുപറ്റിയെന്നാണ് മാതാപിതാക്കള്‍ അറിയിച്ചത്. അതില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കൊതുകിനെ കൊല്ലാനായി ബാറ്റ് വെച്ച് അടിച്ചപ്പോള്‍ നെഞ്ചത്തു കൊണ്ടുവെന്നാണ് പറഞ്ഞത്. സംശയം തോന്നിയതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. രണ്ടുമണിക്കൂറിനകം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ മെഡിക്കോ ലീഗല്‍ കേസായി രജിസ്റ്റര്‍ ചെയ്തു. തലച്ചോറിനകത്തും തലച്ചോറിന് ചുറ്റും രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.
കുഞ്ഞിന് തുടര്‍ച്ചയായി അപസ്മാരം വന്നുകൊണ്ടിരുന്നു. അതിന് മരുന്ന്കൊടുത്തിനെ തുടര്‍ന്ന് അപസ്മാരം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടി അബോധാവസസ്ഥയിലാണ്. എന്താണ് സംഭവിക്കുക എന്നുള്ളത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചാത്തനാട്ട് വീട്ടില്‍ ഷൈജു തോമസാ (40) ണ് തന്റെ 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയാലുമാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ജോസ്പുരം ഭാഗത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍, കിടപ്പുമുറിയില്‍ വെച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയില്‍നിന്ന് ബലമായി പിടിച്ചുവാങ്ങി കൈകൊണ്ട് രണ്ടുപ്രാവശ്യം കുട്ടിയുടെ തലയ്ക്ക് അടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു.
ഷൈജുവിന്റെ ഭാര്യ നേപ്പാള്‍ സ്വദേശിനിയാണ്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളു. നേപ്പാളില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. 10 മാസം മുന്‍പാണ് ഇവര്‍ ജോസ്പുരത്ത് താമസം തുടങ്ങിയത്.
കുഞ്ഞിന്റെ രാത്രിയിലുള്ള കരച്ചിലില്‍ അസ്വസ്ഥതയുള്ള ഷൈജു ഇതിന് മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷത്തിലാണ് ഷൈജു തോമസ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയായ ഷൈജു വര്‍ഷങ്ങളായി അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights:father attacked 54 days old kid