പൂങ്ങോട് അഖിലേന്ത്യാ ഫുട്ബോളിൽ കളിക്കാനെത്തിയ വാഹിദ് സാലിയും മകൻ അബ്ദുല്ല ബദറും
കാളികാവ്: സെവൻസ് ഫുട്ബോൾ സീസൺ സമാപിക്കുമ്പോൾ അപൂർവ താരങ്ങളായി വാഹിദ് സാലിയും മകനും. സെവൻസ് ഫുട്ബോളിൽ സഹോദരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും പിതാവും മകനും ഒരു ടീമിനുവേണ്ടി കളിക്കുക എന്ന അപൂർവനേട്ടമാണ് വാഹിദ് സാലിയും മകൻ അബ്ദുല്ല ബദറുവും സ്വന്തമാക്കിയത്.
സെവൻസ് ഫുട്ബോളിലെ സീനിയർ താരമാണ് കോഴിക്കോട്ടുകാരനായ വാഹിദ് സാലി. 20 വർഷത്തിലേറെയായി കളിച്ചതെല്ലാം മലപ്പുറം ജില്ലയിലെ ടീമുകൾക്ക് വേണ്ടി. കളിയിലെ മികവിനാൽ വാഹിദ് സാലി കാണികളുടെ ഇഷ്ടതാരമാണ്. കളം ഒഴിയുന്നതിന് മുൻപായി വാഹിദ് സാലിക്ക് മകൻ അബ്ദുല്ല ബദറുമൊത്ത് ഒരേ ടീമിൽ കളിക്കാൻ ഭാഗ്യം ലഭിച്ചു.
കോഴിക്കോട് സാമൂതിരി സ്കൂളിൽനിന്ന് ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ അബ്ദുല്ല ബദറു കഴിഞ്ഞവർഷം സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജില്ലാ ടീമിൽ കളിച്ചു. ഈ സീസണിൽ സെവൻസ് ഫുട്ബോളിലും കളിച്ചു തുടങ്ങി. പിതാവ് കളിക്കുന്ന യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തിൽത്തന്നെയായിരുന്നു അരങ്ങേറ്റം. ടീം ക്യാപ്റ്റൻ കൂടിയായ വാഹിദ് സാലി കളിക്കുന്ന ബാക്ക് ലൈൻ പൊസിഷനിൽ മകനുമുണ്ടായിരുന്നു. 43 വയസ്സുപിന്നിട്ട വാഹിദ് സാലിയുടെ കൂടെ പന്ത് തട്ടിയവരെല്ലാം കളം ഒഴിഞ്ഞിട്ടുണ്ട്. സഹതാരങ്ങളെല്ലാം വെറ്ററൻസ് ടീമുകളിലേക്ക് ചേക്കേറിയിട്ടും വാഹിദ് സാലി ടീമിന്റെ നെടുന്തൂണായും സെവൻസ് ഫുട്ബോളിന്റെ ഹരമായും കളി തുടരുകയാണ്.
എതിർടീമിലെ വിദേശതാരങ്ങളെ പിടിച്ചുകെട്ടാനുള്ള കരുത്തും മുന്നേറ്റ നിരയിലേക്ക് പന്ത് എത്തിക്കാനുമുള്ള മികവുമാണ് വാഹിദ് സാലിയെ ഇന്നും സെവൻസിൽ പിടിച്ചുനിർത്തുന്നത്. സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ രണ്ടാം സ്ഥാനക്കാരായാണ് നെല്ലിക്കുത്ത് സീസൺ അവസാനിപ്പിച്ചത്. പിതാവും മകനും ഒരുമിച്ച് കളിച്ചത് ടീമിന് കൂടുതൽ പിന്തുണ ലഭിക്കാൻ സഹായകമായി. സൂപ്പർ സ്റ്റുഡിയോ മലപ്പുറമാണ് സീസണിലെ ഒന്നാം സ്ഥാനക്കാർ.
Content Highlights: Father and son achieved a rare achievement in sevens football


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..