500ഉം 700ഉം പിഴ, പെറ്റിക്കേസുകള്‍; കാപ്പ ചുമത്താന്‍ പോലീസ് കണ്ടെത്തിയത് ഇതൊക്കെ - ഫര്‍സീന്‍ മജീദ്‌


കെ.പി നിജീഷ് കുമാര്‍

പോലീസ് പറയുന്ന വധശ്രമക്കേസ് എനിക്കെതിരേ രണ്ടെണ്ണം മാത്രമാണുള്ളത്, എന്നാല്‍ ഇ.പി ജയരാജനെതിരേ നാലെണ്ണമുണ്ട്. അപ്പോ അദ്ദേഹത്തിനെതിരേയും കാപ്പ ചുമത്തണമല്ലോ. അദ്ദേഹത്തിന് മുഴുവനായി 23 കേസുണ്ട്, എനിക്കെതിരേ 13 എണ്ണമേയുള്ളൂ. 

ഫർസീൻ മജീദ്

കോഴിക്കോട്: കേരള ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട് ഇതാണ് കാപ്പയുടെ മുഴുവന്‍ പേര്. അതായത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം എന്ന് മലയാളം. പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവര്‍, അറിയപ്പെടുന്ന ഗുണ്ടകള്‍, അനധികൃത മദ്യക്കച്ചവടക്കാര്‍, മദ്യക്കടത്തുകാര്‍, മദ്യവില്‍പനക്കാര്‍, വ്യാജ നോട്ട് നിര്‍മാതാക്കള്‍ - വിതരണക്കാര്‍, മണല്‍ മാഫിയ, വ്യാജ സിഡി നിര്‍മാതാക്കള്‍ - വിതരണക്കാര്‍, ലഹരി മരുന്ന് ഉല്‍പാദകര്‍ - കടത്തുകാര്‍ - വില്‍പനക്കാര്‍ എന്നിവരെല്ലാമാണ് പ്രധാനമായും നിയമത്തിന്റെ പരിധിയില്‍ വരുന്നത്.

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട സമരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യന്ത്രിക്കെതിരേ പ്രതിഷേധിച്ച കണ്ണൂര്‍ ജില്ലയിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരേ കാപ്പ ചുമത്താന്‍ റേഞ്ച് ഐജി രാഹുല്‍ ആര്‍ നായര്‍ കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത് ഏറെ ചര്‍ച്ചയാവുകയാണ്. വലിയ വിവാദത്തിന് വഴിവെച്ച വിമാന പ്രതിഷേധത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേയും കേസും വിമാന വിലക്കും വന്നതോടെയാണ് തനിക്കെതിരേ കാപ്പ ചുമത്തല്‍ നടപടികളിലേക്ക് പോലീസ് പോയതെന്ന് പറയുന്നു ഫര്‍സീന്‍ മജീദ്. 13 കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താനുള്ള നിര്‍ദേശം. ഫര്‍സീന്‍ മജീദ് മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.

1-താങ്കള്‍ക്കെതിരേ കാപ്പ ചുമത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണല്ലോ അത്ര വലിയ ക്രിമിനലാണോ താങ്കള്‍

ഇന്‍ഡിഗോയിലെ പ്രതിഷേധമടക്കം എനിക്കെതിരേ 13 കേസുകളാണ് കാപ്പ ചുമത്താനുള്ള നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ 500 രൂപ പിഴയൊടുക്കേണ്ട പെറ്റിക്കേസ്, 700 രൂപ പിഴയൊടുക്കേണ്ട പെറ്റിക്കേസ്, 1700 രൂപ പിഴയൊടുക്കേണ്ട പെറ്റിക്കേസ്,കോവിഡ് നിയമ ലംഘനം ഇവയെല്ലാമുണ്ട്. ഇത്തരത്തിലുള്ള എട്ട് കേസുകള്‍ ഫൈന്‍ അടച്ച് തീര്‍ത്തതാണ്. ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധമടക്കം വിചാരണ പൂര്‍ത്തിയാകാത്ത അഞ്ച് കേസ് മാത്രമാണ് ബാക്കിയുള്ളത്. എനിക്കെതിരേ കാപ്പ നിലനില്‍ക്കുമെങ്കില്‍ കണ്ണൂര്‍ ജില്ലയില്‍ ഒറ്റ സി.പി.എം കാരും ഡി.വൈ.എഫ്.ഐക്കാരുമുണ്ടാവില്ല. ആദ്യം 19 കേസെന്നായിരുന്നു പറഞ്ഞത്, പിന്നെ 17 എന്ന് പറഞ്ഞു, ഇപ്പോ 13 എന്നാണ് പറയുന്നത്.

2-താങ്കള്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ് പറയുന്നത്

കോവിഡ് മാനദണ്ഡം ലഘിച്ചതിന് രണ്ട് കേസ്, റോഡ് ഗതാഗതം സ്തംഭിപ്പിച്ച് മാര്‍ച്ച് നടത്തിയതിന് അഞ്ചോ ആറോ കേസ്, അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുള്ള കേസ്, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചതിനുള്ള കേസ്, ഇ.പി ജയരാജന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനുള്ള കേസ്,കോവിഡ് നിയമലംഘനം ഇതൊക്കെയാണ് നോട്ടീസിലുള്ള പ്രധാന കേസുകള്‍. പിന്നെയുള്ളത് കൊല്ലപ്പെട്ട ഷുഹൈബിനോടൊപ്പമുള്ള ഒരു കേസും മറ്റൊന്ന് വിമാനത്തിലെ പ്രതിഷേധവുമാണ്. ഇത് മാത്രമാണ് എന്തെങ്കിലുമൊന്ന് അവര്‍ക്ക് പറയാനുള്ളത്. ഒരു സ്ഥിരം കുറ്റവാളിയെന്ന് മുദ്രകുത്താന്‍ ഇതൊക്കായാണ് പ്രധാന കേസെങ്കില്‍ കേരളത്തില്‍ ഒറ്റ സി.പി.എമ്മുകാരുമുണ്ടാവില്ല.

3-മുഖ്യന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന്റെ പ്രതികാരം
മാത്രമാണോ കാപ്പ ചുമത്തലിന് ആധാരം

ഇന്‍ഡിഗോ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരേ കൗണ്ടര്‍ കേസ് കൊടുത്തിരുന്നല്ലോ. അതിന്റെ പ്രതികാരമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതും അവരെ പ്രകോപിപ്പിച്ചു. എനിക്കെതിരേ കാപ്പ ചുമത്തണമെങ്കില്‍ ഇ.പി ജയരാജനെതിരേ കാപ്പ ചുമത്തണ്ടേ. പോലീസ് പറയുന്ന വധശ്രമക്കേസ് എനിക്കെതിരേ രണ്ടെണ്ണം മാത്രമാണുള്ളത്, എന്നാല്‍ ഇ.പി ജയരാജനെതിരേ നാലെണ്ണമുണ്ട്. അപ്പോ അദ്ദേഹത്തിനെതിരേയും കാപ്പ ചുമത്തണമല്ലോ. അദ്ദേഹത്തിന് മുഴുവനായി 23 കേസുണ്ട്, എനിക്കെതിരേ 13 എണ്ണമേയുള്ളൂ.

4-ഈ പ്രതിഷേധത്തിന് ശേഷം കണ്ണൂരിലെ നിങ്ങളുടെ അവസ്ഥയെന്താണ്

ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയാണ്. സ്‌കൂള്‍ ഭാഗത്തേക്ക് പോയാല്‍ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പോകാന്‍ അനുവദിക്കുന്നില്ല. മാനേജറെ ഭീഷണിപ്പെടുത്തി ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പരമാവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് ജയിലിന് അകത്താക്കി. അതിന് ശേഷം പുറത്തുവന്നുവെങ്കിലും ഭീഷണിപ്പെടത്തുന്നതിനാല്‍ പല സ്ഥലത്തും പോവാന്‍ പറ്റുന്നില്ല. ഭീഷണിപ്പെടുത്തുന്ന ആളുകള്‍ക്കെതിരേ പരാതി കൊടുത്തുവെങ്കിലും അവര്‍ക്കെതിരേ ഒരു നടപടിയുമുണ്ടാവുന്നില്ല. 41 ക്രിമിനല്‍ കേസുള്ള എസ്.എഫ്.ഐ നേതാവിന് കഞ്ഞിവെച്ച് കൊടുക്കുകയും പെറ്റിക്കേസ് അടക്കം 13 എണ്ണമുള്ള എനിക്കെതിരേ കാപ്പ ചുമത്തുകയുമാണ്.

അന്നത്തെ ഇന്‍ഡിഗോ പ്രതിഷേധത്തിന് ഏതെങ്കിലും
ഗൂഢാലോചനയുണ്ടായിരുന്നോ

ഒരു തരത്തിലുള്ള ഗൂഢാലോചനയുമുണ്ടായിരുന്നില്ല. ഇതൊക്കെ എത്രയോ തവണ പറഞ്ഞതാണ്. ഗൂഢാലോചനയുണ്ടെങ്കില്‍ അത് തെളിയിക്കട്ടെ. കേരളത്തിലെപോലീസ് കഴിഞ്ഞ അറുപത് ദിവസത്തിലേറെയായി കേസന്വേഷിക്കുകയാണ്. എന്നിട്ട് ഗൂഢാലോചന കണ്ടെത്തിയോ. എത്രപേരെ അറസ്റ്റ് ചെയ്തു. യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പിണറായി വിജയന് പോലും അറിയാത്ത അവസ്ഥയാണ്.


Content Highlights: Farzin Majeed Against His KAAPA Action


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented