തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പച്ചക്കൊടി. മൊറട്ടോറിയത്തിന് അനുമതില്‍ നല്‍കുന്നതിനെ അനുകൂലിച്ച്  മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കി. എല്ല വശങ്ങളും പരിശോധിച്ചും മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് അനുകൂല ശുപാര്‍ശ നല്‍കിയതെന്നും ടിക്കാറാം മീണ പറഞ്ഞു. 

കടക്കെണി കാരണം കര്‍ഷക ആത്മഹത്യ കൂടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അനുവദിക്കാവുന്നതാണെന്ന ശുപാര്‍ശയോടെ ടിക്കാറാം മീണ മൊറട്ടോറിയം ഫയല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. കമ്മിഷന്‍ അനുമതി നല്‍കിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനിടയില്‍ത്തന്നെ സര്‍ക്കാരിന് ഇതുസംബന്ധിച്ച ഉത്തരവിറക്കാം. കര്‍ഷകര്‍ക്ക് വ്യക്തിപരമായ സഹായം ലഭിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കാനും കമ്മിഷന് അധികാരമുണ്ട്.

മൊറട്ടോറിയം അടക്കം കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് മാര്‍ച്ച് അഞ്ചിനാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനുമുമ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഉദ്യോഗസ്ഥ അലംഭാവംമൂലം ഇത് വൈകി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ തീരുമാനം നടപ്പാക്കാനാവാതെവന്നു.

തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചത്. ഉത്തരവിറക്കേണ്ടതിന്റെ അടിയന്തര സാഹചര്യം സൂചിപ്പിക്കാത്തതിനാല്‍ ആദ്യം നല്‍കിയ അപേക്ഷ കമ്മിഷന്‍ തിരിച്ചയച്ചു. തുടര്‍ന്ന്, കൃഷിവകുപ്പുമായി കൂടിയാലോചിച്ച് രണ്ടുദിവസംമുമ്പ് വിശദീകരണം സഹിതം ഫയല്‍ കമ്മിഷന് സമര്‍പ്പിക്കുകയായിരുന്നു.

സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമാണ്. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അതിനാലാണ് അവരുടെ അനുമതിതേടുന്നതെന്നും ടിക്കാറാം മീണ പറഞ്ഞു.

Content Highlights: farmers loan moratorium-meeka Ram Meena's favorable recommendation