പത്തനംതിട്ട:  തിരുവല്ല പെരിങ്ങരയില്‍ കീടനാശിനി തളിച്ചതിനുശേഷം ദേഹാസ്വാസ്ഥ്യമുണ്ടായി രണ്ട് കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിശോധിച്ച ഫോറന്‍സിക് സര്‍ജന്റെ മൊഴി പുറത്തുവന്നതോടെയാണ് കര്‍ഷകരുടെ മരണത്തെ സംബന്ധിച്ച് ദുരൂഹത വര്‍ധിച്ചത്. 

മത്തായി ഈശോ, സനല്‍കുമാര്‍ എന്നിവരാണ് കഴിഞ്ഞദിവസം കീടനാശിനി പ്രയോഗത്തിനിടെ മരണപ്പെട്ടത്. എന്നാല്‍ മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തിയെന്നാണ് ഫോറന്‍സിക് സര്‍ജന്റെ മൊഴി. വിഷം ഉള്ളില്‍ച്ചെന്നാണ് ഇയാള്‍ മരിച്ചതെന്നാണ് ഫോറന്‍സിക് സര്‍ജന്റെ മൊഴിയില്‍ പറയുന്നത്. അതേസമയം, സനല്‍കുമാര്‍ മരിച്ചത് കീടനാശിനി ശ്വസിച്ചാണെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മരിച്ച സനല്‍കുമാര്‍ മാത്രമാണ് കീടനാശിനിയുമായി നേരിട്ട് ഇടപഴകിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് മത്തായി ഈശോയുടെ മരണംസംബന്ധിച്ച് ദുരൂഹതയുണ്ടായിരിക്കുന്നത്.  

ഫോറന്‍സിക് സര്‍ജന്റെ മൊഴി പുറത്തുവന്നതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല സി.ഐ. സന്തോഷ് കുമാര്‍ പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്നും വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നാലെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: farmers died while using pesticide in thiruvalla, mystery continues