പത്തനംതിട്ട: വനംവകുപ്പിന്റെ കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് മരിച്ച മത്തായിയുടെ സഹോദരന്‍ വില്‍സണ്‍. മൃതപ്രായനായ മത്തായിയെ വനംവകുപ്പ് കിണറ്റില്‍ തള്ളിയതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സഹോദരന്‍ പറഞ്ഞു. 

വെള്ളംകുടിച്ച് മരിച്ചു എന്നാണ് പറയുന്നത്. വെള്ളത്തില്‍ വീണാല്‍ വായിലും മൂക്കിലും വെള്ളം കേറും. എന്നാല്‍ വെള്ളത്തില്‍ എടുത്ത് ഇട്ടാലും അത് ഉണ്ടാകും. ഫോറസ്റ്റുകാര്‍ കസ്റ്റഡിയില്‍ എടുത്ത ഒരു വ്യക്തി എങ്ങനെ കിണറ്റില്‍ പോകും. അവര്‍ക്കാണ് അതില്‍ ഉത്തരവാദിത്വമെന്നും സഹോദരന്‍ പറഞ്ഞു. 

ഇതിനിടെ നിയമപരമായ നീതി ലഭിക്കാതെ കുടപ്പനയിലെ ഫാം ഉടമ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. മൃതദേഹം സംസ്‌കരിച്ചശേഷം വീണ്ടും പുറത്തെടുത്തുള്ളൊരു അന്വേഷണത്തിന് കുടുംബം തയ്യാറല്ല. അതുകൊണ്ടാണ് നീതി ലഭിക്കാതെ അടക്കം ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ മത്തായി മുങ്ങി മരിച്ചതാണെന്ന പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബന്ധുക്കള്‍ക്ക് നല്‍കാതിരുന്ന ഈ റിപ്പോര്‍ട്ട് എങ്ങനെ പുറത്തുവന്നുവെന്ന് അവര്‍ ചോദിക്കുന്നു. ഇത് കുറ്റക്കാരെ രക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കുറ്റക്കാരെ രക്ഷപ്പെടുത്താന്‍ മാത്രമാണ്. ഇതിനായി പുതിയ കഥകള്‍ ബന്ധപ്പെട്ടവര്‍ ഉണ്ടാക്കി പുറത്തുവിടുകയാണ്.

മത്തായി മരിച്ചതിന് തൊട്ടടുത്ത ദിവസംതന്നെ ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് കാണിച്ച് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതെങ്ങനെ സാധിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുമുമ്പുതന്നെ മരണം ആത്മഹത്യയെന്ന് തീരുമാനിച്ചെന്നാണിത് വ്യക്തമാക്കുന്നതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

Content Highlights: Farm owner found dead at Pathanamthitta, Family raises suspicions against Forest Department