പത്തനംതിട്ട: ചിറ്റാറില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വനംവകുപ്പിന് വീഴ്ചയെന്ന വിലയിരുത്തലില്‍ അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത മത്തായിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്താതെ തെളിവെടുപ്പിന് കൊണ്ടുപോയി. വനംവകുപ്പിന്റെ രേഖകളില്‍ കൃത്രിമം നടത്തിയതായും സംശയമുണ്ട്. 

കേസുമായി ബന്ധപ്പെട്ട് ചിറ്റാര്‍ വനം സ്റ്റേഷനിലെ രേഖകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതും ആരംഭിച്ചു. ഇതില്‍ നിന്നാണ് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് മനസിലായത്. കസ്റ്റഡിയിലെടുത്ത മത്തായിയെ വനം സ്റ്റേഷനില്‍ ഹാജരാക്കിയില്ല. കുറ്റസമ്മത മൊഴി രേഖപ്പെടുത്താതെയാണ് തെളിവെടുപ്പിന് വന മേഖലയില്‍ കൊണ്ടുപോയത്. 

മത്തായിയുടെ മരണ ശേഷമാണ് മഹസര്‍ തയ്യാറാക്കിത്തുടങ്ങിയത്. ഇതിന്റെ നടപടിക്രമങ്ങള്‍ തൊട്ടടുത്ത ദിവസമാണ് പൂര്‍ത്തിയായത്. 28ന് ഉച്ചകഴിഞ്ഞ് 3.30നാണ് ജനറല്‍ ഡയറിയില്‍ കേസുമായി ബന്ധപ്പെട്ട ആദ്യ രേഖപ്പെടുത്തല്‍ നടക്കുന്നത്. വൈകിട്ട് 6.30ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

എന്നാല്‍ മത്തായിയുടെ മരണത്തെത്തുടര്‍ന്ന് സ്ഥലത്തുനിന്ന് കടന്ന ഉദ്യോഗസ്ഥര്‍ രാത്രി വൈകിയും ഓഫീസില്‍ തിരികെയെത്തിയില്ലെന്നാണ് സൂചന. ഓഫീസ് രേഖകളും മൊഴികളും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. 

സംഭവത്തില്‍ വടശ്ശേരിക്കര റേഞ്ച് ഓഫീസറെയും മത്തായിയെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥ സംഘത്തില്‍പെട്ട ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ആറുപേരെയും സ്ഥലംമാറ്റി. ഭരണപരമായ കാരണങ്ങളാലാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവിലുള്ളത്.

വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ ബി. വേണുകുമാറിനെ അരിപ്പയിലെ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് മാറ്റിയത്. സംഭവത്തിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.

Content Highlighs: Farm owner death in pathanamthitta