വിഴിഞ്ഞം റോഡിലെ കല്ലുവെട്ടാൻകുഴി വാർഡിലെ ഇന്ദുലേഖയുടെ വീടിനു മുന്നിലുള്ള ഓടയിൽനിന്നു മലിനജലവും മാലിന്യവും കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: വീടിനുമുന്നിലൂടെ കടന്നുപോകുന്ന ഓടയില്‍നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലത്തിന്റെ അസഹനീയ ദുര്‍ഗന്ധം കാരണം ഒരു കുടുംബം പൊറുതിമുട്ടുന്നു. ഇഴജന്തുക്കളും പെരുച്ചാഴിയും എലിയും വീട്ടിനുള്ളിലേക്കു കയറിവരുന്നതുകാരണം ഉറക്കമിളച്ചിരിക്കേണ്ട ഗതിയാണ്.
വെങ്ങാനൂര്‍ പഞ്ചായത്തിലെ കല്ലുവെട്ടാന്‍കുഴി വാര്‍ഡിലെ വിഴിഞ്ഞം റോഡിലുള്ള കടയറ പുത്തന്‍വീട് പുല്ലൂര്ക്കോണത്തിലെ ഇന്ദുലേഖയുടെ കുടുംബമാണ് മാസങ്ങളായി ദുരിതമനുഭവിക്കുന്നത്.
മഴ കനത്താല്‍ മാലിന്യങ്ങള്‍ക്കൊപ്പം ശൗചാലയങ്ങളില്‍നിന്നുള്ള മലിനജലം ഒഴുകിയെത്തി വീട്ടുമുറ്റത്ത് കെട്ടിനില്‍ക്കുന്ന സ്ഥിതിയാണുള്ളതെന്ന് വീട്ടമ്മയായ ഇന്ദുലേഖ പറഞ്ഞു.
നാലുമാസം ഗര്‍ഭിണിയായ മകള്‍, മറ്റ് മൂന്ന് കുട്ടികളടക്കമുള്ളവരുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. അസഹനീയ ദുര്‍ഗന്ധം കാരണം ഇവര്‍ക്കു ഭക്ഷണം കഴിക്കാനുമാകുന്നില്ല- വീട്ടമ്മ സങ്കടത്തോടെ പറഞ്ഞു. സഹിക്കാനാകാത്ത ദുര്‍ഗന്ധം കാരണം വീടിന്റെ ജനാലകളടക്കം അടച്ചിട്ടിരിക്കുകയാണ്. ശ്വാസംമുട്ടുന്ന തരത്തിലാണ് ഇവിടെ കഴിയുന്നത്.
വെങ്ങാനൂര്‍ പഞ്ചായത്ത്, നഗരസഭയുടെ വിഴിഞ്ഞം സോണല്‍, ബന്ധപ്പെട്ട ആരോഗ്യവിഭാഗം എന്നിവരെ നേരിട്ടുകണ്ട് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും ഇവര്‍ ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..