കോട്ടയം: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന ആരോപണവുമായി കോവിഡ് ബാധിച്ച് മരിച്ച ജോഷിയുടെ കുടുംബം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്‍ജക്ഷനും മരുന്നിനുമായി 85,608 രൂപ ചെലവായി എന്നും കുടുംബം ആരോപിച്ചു. ജോഷി പ്രമേഹബാധിതനായിരുന്നുവെന്ന പ്രചാരണം തെറ്റാണെന്നും കുടുംബം പറഞ്ഞു. 

ആദ്യഘട്ടത്തില്‍ ചികിത്സിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നടപടിക്രമങ്ങളും വിദഗ്ദ്ധ ചികിത്സക്കായി എത്തിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയും സംബന്ധിച്ച ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പണിറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ.ശലജ, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് എന്നിവര്‍ക്ക് അവര്‍ പരാതി കൈമാറി.

18-ാം തീയതിയാണ് ജോഷിക്ക് കോവിഡ് പോസിറ്റീവാണെന്ന ഫലം വരുന്നത്. അന്നുതന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ എക്‌സ് റേ എടുത്തത് 19-നാണ് എന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. അദ്ദേഹം പ്രമേഹ ബാധിതനോ മറ്റേതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നയാളോ അല്ലെന്നും കുടുംബം പറയുന്നു. 

24-ന് ആരോഗ്യസ്ഥിതി മോശമാണെന്ന് ബന്ധുക്കളെ അറിയിച്ചിട്ടും 25-ന് മാത്രമാണ് അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്നതാണ് മറ്റൊരു ആരോപണം. ചികിത്സയുമായി ബന്ധപ്പെട്ട് 85,608 രൂപ ചെലവായി എന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള ആരോപണം.

എന്നാല്‍ ബന്ധുക്കള്‍ ഉയര്‍ത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ ആരോഗ്യവകുപ്പ് പ്രതികരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് ലഭ്യമാക്കുന്നത്. ഓരോ ഘട്ടത്തിലും ഓരോ തരത്തിലുള്ള പരിശോധനകള്‍ക്കും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിച്ചുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

Content Highlights: Family of the patient who died of Covid with allegations in treatment