പ്രതീകാത്മകചിത്രം | Mathrubhumi illustration
പുനലൂര്‍: ജിംനേഷ്യത്തിന് കെട്ടിടം അനുവദിച്ചു നല്‍കാത്തതില്‍ ഓംബുഡ്സ്മാന് പരാതി നല്കിയ യുവാവ് മരിച്ചെന്ന് നഗരസഭയുടെ തെറ്റായ റിപ്പോര്‍ട്ട്. പുനലൂര്‍ എം.എല്‍.എ. റോഡില്‍ മേലേപ്പറമ്പില്‍ വീട്ടില്‍ ഛത്രപതി ശിവജിയെന്ന 28-കാരനാണ് ഊര്‍ജസ്വലമായി ജീവിച്ചിരിക്കേ തന്റെ മരണം റിപ്പോര്‍ട്ടിലൂടെ അറിയേണ്ടി വന്നത്. പരാതിക്കാരന് മരണപ്പെട്ടെന്ന നഗരസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതിയിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചന്ന ഓംബുഡ്സ്മാന്റെ ഉത്തരവ് ലഭിച്ചപ്പോഴായിരുന്നു ഇത്.
പുനലൂര്‍ കെ.എസ്.ആര്.ടി.സി. ജങ്ഷനിലുള്ള, നഗരസഭയുടെ കെട്ടിടത്തിന്റെ മട്ടുപ്പാവ് ജിംനേഷ്യം ആരംഭിക്കുന്നതിന് വാടകയ്ക്കു നല്‍കണമെന്നഭ്യര്‍ഥിച്ച് 2019-ല്‍ ഛത്രപതി ശിവജി അപേക്ഷ നല്‍കിയിരുന്നു. ഛത്രപതി ശിവജിയുടെ അച്ഛന് ശിവജി എന്നറിയപ്പെടുന്ന സുധീന്ദ്രപ്രസാദാണ് അപേക്ഷ നല്‍കുന്നതിനും തുടര്‍നടപടികള്‍ക്കുമായി നഗരസഭാ കാര്യാലയത്തിന് കയറിയിറങ്ങിയിരുന്നത്.
കെട്ടിടം നല്‍കാമെന്ന് സമ്മതിച്ചെങ്കിലും കരാര്‍ വയ്ക്കുന്ന ഘട്ടത്തിലെത്തിയപ്പോള്‍ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നു കാട്ടി അപേക്ഷ നിരസിച്ചു. കെട്ടിടം വിട്ടുകിട്ടാത്തത് ചോദ്യംചെയ്ത് ഛത്രപതി ശിവജി പിന്നീട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാനില്‍ പരാതി നല്കി. എന്നാല്‍, ഓണ്‍ലൈനില്‍ നടന്ന വിചാരണയില്‍ വാദിയായ ഛത്രപതി ശിവജിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ ഏതാനും ആഴ്ചമുന്പ് ശിവജിയുടെ അച്ഛന് സുധീന്ദ്രപ്രസാദ് അന്തരിച്ചിരുന്നു. പരാതി സംബന്ധിച്ച് ഓംബുഡ്സ്മാന് വിശദീകരണം തേടിയപ്പോള്‍ തെറ്റിദ്ധാരണമൂലം പരാതിക്കാരന് മരിച്ചെന്ന് നഗരസഭ തെറ്റായ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അച്ഛന്റെയും മകന്റെയും പേരിലെ സാമ്യമാണ് തെറ്റിദ്ധാരണയ്ക്കു കാരണമായതെന്നും അപേക്ഷ നല്‍കാനും തുടര്നടപടികള്ക്കുമൊക്കെ സുധീന്ദ്രപ്രസാദാണ് നഗരസഭാ കാര്യാലയത്തില്‍ എത്തിയിരുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. പിഴവു ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഓംബുഡ്സ്മാന് തിരുത്തല്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി എ.നൗഷാദ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..