കെ.ജെ യേശുദാസ്, പിറന്നാൾദിനത്തിൽ ലൈവായി വേദിയിലെ സ്ക്രീനിൽ എത്തിയപ്പോൾ
കോഴിക്കോട്: ഡാലസും ഡയാലിസിസും അക്ഷരങ്ങൾകൊണ്ട് ഏറെ വ്യത്യാസമുണ്ടെങ്കിലും പറഞ്ഞുകേൾക്കുമ്പോൾ ഒരു ചെറിയ സാമ്യമുണ്ട്. ഈ സാമ്യതമൂലം മൂന്നുദിവസമായി ക്രൂരമായ, തെറ്റായൊരു വാർത്തയാണ് സാമൂഹികമാധ്യമങ്ങളിൽ പറന്നുനടക്കുന്നത്.
ഗായകൻ യേശുദാസ് അത്യാസന്നനിലയിൽ കിടപ്പിലാണെന്നും ഡയാലിസിസ് നടന്നുവരുകയാണെന്നുമാണ് ആ തെറ്റായ വാർത്ത. വാട്സാപ്പിലും ചില ഓൺലൈൻ വാർത്താ വെബ്സൈറ്റുകളിലും ഇത് പ്രചരിപ്പിക്കുന്നവർ ഈ അസത്യത്തിനു കൂട്ടായിച്ചേർക്കുന്നത് യേശുദാസിന്റെ പിറന്നാൾദിനത്തിൽ നടന്ന പരിപാടിയിലെ ഒരു ആശംസാപ്രസംഗമാണ്.
പ്രസംഗത്തിൽ ‘ദാസേട്ടൻ ഡാലസിലായതിനാൽ പരിപാടിക്ക് എത്താനായില്ല’ എന്ന് മൈക്കിൽ പറഞ്ഞത് ചിലർ ‘ഡയാലിസിസിലായതിനാൽ’ എന്ന് തെറ്റിദ്ധരിച്ചതാണ് പ്രചാരണങ്ങൾക്ക് ഇടയാക്കിയത്. അമേരിക്കയിലെ ടെക്സസിലെ നഗരമായ ഡാലസിലുള്ള മൂന്നാമത്തെ മകൻ വിശാൽ യേശുദാസിന്റെ വീട്ടിലാണ് യേശുദാസും ഭാര്യ പ്രഭയും കുറച്ചുകാലമായുള്ളത്. മമ്മൂട്ടി ഉൾപ്പെടെയുള്ള താരനിര പങ്കെടുത്ത, വിജയ് യേശുദാസിന്റെ മേൽനോട്ടത്തിൽ നടന്ന പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ‘ഡയാലിസിസ്’ വാർത്ത പ്രചരിക്കുകയും ചെയ്തു.
ഈ ആഘോഷപരിപാടിയിൽ മുഴുനീളെ യേശുദാസ് വീഡിയോ ലൈവായി വേദിയിലെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് ആശംസാവാക്കുകളോട് പ്രതികരിച്ചിരുന്നെങ്കിലും അതൊന്നും ഈ കുപ്രചാരണക്കാർ കണ്ടെന്നു നടിച്ചിട്ടില്ല.
പൂർണ ആരോഗ്യവാൻ -ആർ.കെ. ദാമോദരൻ
പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും യേശുദാസ് പൂർണ ആരോഗ്യവാനാണെന്നും ഗാനരചയിതാവും അടുത്ത സുഹൃത്തുമായ ആർ.കെ. ദാമോദരൻ പറഞ്ഞു. ഈ വ്യാജവാർത്ത അറിഞ്ഞപ്പോൾത്തന്നെ ദാസേട്ടന്റെ ആത്മമിത്രവും സംഗീതജ്ഞനുമായ ചേർത്തല ഗോവിന്ദൻകുട്ടി മാഷ് അന്വേഷിച്ച് വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. ‘കൃതിമണിമാലൈ’ എന്ന സംഗീതഗ്രന്ഥം പരിശോധിച്ച് 72 രാഗങ്ങളെ ശുദ്ധീകരിക്കുന്ന തീക്ഷ്ണ തപസ്യയിലാണ് ദാസേട്ടനിപ്പോൾ -ആർ.കെ. ദാമോദരൻ പറഞ്ഞു.
Content Highlights: fake rumours spread kj yeshudas is sick
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..