കൊല്ലം: കേരളം ഒറ്റക്കെട്ടായി പ്രളയക്കെടുതികളെ നേരിടുമ്പോള്‍ വ്യാജ സന്ദേശം പരത്തി പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമം. കൊല്ലം ജില്ലയില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നും ഓഖിക്ക് സമാനമായ വിധത്തില്‍ കടല്‍ കയറുമെന്നുമുള്ള വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പേരില്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രചാരണം നടക്കുന്നത്.

പി.ആര്‍.ഡി, ഫിഷറീസ് എന്നീ വകുപ്പുകളെ ഉദ്ധരിച്ചാണ് വാട്ട്സ്ആപ്പ് ശബ്ദസന്ദേശമായി വ്യാജപ്രചാരണം നടക്കുന്നത്. നാടാകെ ദുരിതം അനുഭവിക്കുന്ന ഘട്ടത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

വ്യാജ സന്ദേശങ്ങള്‍ക്കു പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറോട് നിര്‍ദേശിച്ചതായും കളക്ടര്‍ വ്യക്തമാക്കി. 'കലക്ടര്‍ കൊല്ലം' ഫെയ്സ്ബുക്ക് പേജിലും 'പി ആര്‍ ഡി കൊല്ലം' എന്ന ഫെയ്സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ആധികാരികമായവയെന്നും കളക്ടര്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Content Highlights: Fake news about floods on social media, Kerala Flood 2019, Heavy Rain 2019