കൊണ്ടോട്ടി, മലപ്പുറം: കൊണ്ടോട്ടി ഓമാനല്ലൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ നാല്പതോളം പേര്‍ക്കെതിരേ വധശ്രമത്തിന്  പോലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടി പറഞ്ഞ കള്ളം കേട്ട്‌ വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്തുല്ല, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെ മര്‍ദിച്ച സംഭവത്തിലാണ് കേസ്.  ഗുരുതര പരിക്കുകളോടെ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. സ്‌കൂളില്‍ പോകാന്‍ ബസ് കാത്ത്‌ നില്‍ക്കുന്നതിനിടെ അതുവഴി വന്ന കാറില്‍ വന്നവര്‍ തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന്‌ ഒരു വിദ്യാര്‍ഥി പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടി യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ കാട്ടി കൊടുക്കുകയും ചെയ്തു. അതോടെ കാര്‍ കണ്ടെത്താനായി നാട്ടുകാര്‍ അന്വേഷണം തുടങ്ങി

എന്നാല്‍ കാറിലുണ്ടായിരുന്ന എന്‍ജിനീയര്‍മാരായ രണ്ട് പേരും തങ്ങളുടെ വര്‍ക്ക് ഷോപ്പിലേക്കുള്ള യാത്രയിലായിരുന്നു.

തുടര്‍ന്ന് ഇവരോട് വാഴക്കാട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഒരുമണിക്കൂറിനുള്ളില്‍ എത്താമെന്ന് അറിയിച്ച് കൊണ്ടോട്ടിയില്‍ നിന്ന് ഇരുവരും പോലീസ് സ്‌റ്റേഷനിലേക്ക് വരുന്ന വഴി ഓമാനല്ലൂരില്‍ വെച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. 

കാറിൽ കണ്ട യുവാക്കളാണ് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് കുട്ടി ആവർത്തിച്ചതോടെ നാട്ടുകാർ സംഘം ചേർന്ന് ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

'ആദ്യം മൂന്ന് പേര്‍ എത്തി തങ്ങളെ മര്‍ദിച്ചു. പിന്നാലെ നൂറോളം പേരെത്തി തങ്ങളെ മാറി മാറി മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് എത്തിയിട്ടും അവരുടെ മുന്നില്‍വെച്ചും നാട്ടുകാര്‍ മര്‍ദിച്ചെന്നും യുവാക്കൾ പറയുന്നു'. 

പരീക്ഷയിൽ മാർക്ക് കുറയുമെന്ന പേടിയില്‍ കുട്ടി മെനഞ്ഞ കള്ളമാണ് തട്ടിക്കൊണ്ടുപോകല്‍ പരാതിയെന്ന്‌ പോലീസ്  നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. 

Content Highlights: fake allegations against engineers, police filed case on mob lynching in Malappuram