തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമർശനം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണച്ചുവെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്കെതിരേ വിമർശനവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതിഷേധം തിരിച്ചറിഞ്ഞ ഉമ്മന്‍ ചാണ്ടി, ഇത്തരം വാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വീണുപോകരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.

വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കും എന്ന സൂചനകള്‍ക്ക് ഇടയിലാണ് തലമുറ മാറ്റത്തെ തലയിടാനായി ഗ്രൂപ്പ് വൈര്യം പോലും മറന്ന് നേതാക്കള്‍ ഒന്നിച്ചെന്നും രമേശ് ചെന്നിത്തലയ്ക്കായി ഉമ്മന്‍ ചാണ്ടി  എഐസിസി നേതൃത്വത്തിന് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുന്നത്. വെള്ളിയാഴ്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായിരുന്നു. ഇതോടനുബന്ധിച്ച്  ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്ക് പേജില്‍ അനുസ്മരണ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് കമന്റുകള്‍ നിറഞ്ഞത്.

'പുതുപ്പള്ളി പുണ്യാളനെ ഓര്‍ത്തെങ്കിലും താങ്കളും താങ്കളുടെ തലമുറയും മാറിത്തരണം' -എന്നാണ് ഫേയ്സ്ബുക്കില്‍ ഒരാളുടെ അഭ്യർഥന.

ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ എന്തിന് രാഹുല്‍ ഗാന്ധിയോ അല്ല പാര്‍ട്ടി. കോണ്‍ഗ്രസ് ആണ് പാര്‍ട്ടി. കോണ്ഗ്രസിന്റെ ചുമതല വഹിക്കുന്ന വ്യക്തികള്‍ മാത്രമാണ് നിങ്ങള്‍. അതിന് മുകളില്‍ ഒന്നുമല്ല നിങ്ങള്‍. നിങ്ങള്‍ക്ക് ശേഷവും കോണ്‍ഗ്രസ് ഇവിടെ വേണം. തോറ്റ വേദനയില്‍ ആഹാരം പോലും ഇറങ്ങാത്ത ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ വേദനയില്‍ മുങ്ങി ജീവിക്കുമ്പോള്‍, ദയനീയമായ തോല്‍വിയുടെ ഉത്തരവാദിത്വം പോലും ഏറ്റെടുക്കാതെ മറ്റാരും നേതൃത്വത്തില്‍ വരാതിരിക്കാനും അധികാരത്തില്‍ കടിച്ചു തൂങ്ങാനും വേണ്ടി മത്സരിക്കുന്നവര്‍ വൃത്തികെട്ട മനുഷ്യരാണ്. തനിക്ക് ശേഷം പ്രളയം എന്ന് കരുതി തന്റെ കാലശേഷം പാര്‍ട്ടിയുടെ ശവം അടക്കാനുള്ള കുഴി വെട്ടാന്‍ നില്‍ക്കരുത്. 2006ല്‍ 63 കോണ്‍ഗ്രസ് MLA മാരെ തന്നിട്ടാണ് കരുണാകരനും ആന്റണിയും രാഷ്ട്രീയം അവസാനിപ്പിക്കുന്നത്. നിങ്ങളൊക്കെ കൂടി അത് 21ല്‍ എത്തിച്ചു. ഉമ്മന്‍ചാണ്ടി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുക, വിശ്രമിക്കുക. പ്രായത്തിനോടുള്ള ബഹുമാനം ഉള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. ഞാന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു നിങ്ങളെ. പാര്‍ട്ടിയെ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്കാണോ അതോ നിങ്ങള്‍ 2 ഗ്രൂപ്പ് മുതലാളിമാര്‍ക്കാണോ കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീമതി സോണിയാ ഗാന്ധിയും രാഹുലും വിലകല്പിക്കുന്നത് എന്ന് ഇന്ന് കാണാം

-ഇതാണ് മറ്റൊരാളുടെ കമന്റ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും രാഹുല്‍ ദ്രാവിഡിനെ മാറ്റി, ധോണിയെ ക്യാപ്റ്റന്‍ ആക്കിയത് ദ്രാവിഡ് മോശക്കാരന്‍ ആയതുകൊണ്ടല്ല, അത് കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. ഗ്രൂപ്പുകളി അവസാനിപ്പിക്കൂ... കോണ്‍ഗ്രസിനെ രക്ഷിക്കൂ...
പ്രതിപക്ഷനേതാവായി VD സതീശന്‍ വരട്ടെ.. കെപിസിസി പ്രസിഡണ്ടായി കെ മുരളീധരന്‍/ കെ സുധാകരന്‍ വരട്ടെ, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഊര്‍ജ്ജസ്വലനായ പി ടി തോമസ് വരട്ടെ.. ഇനിയും വിലങ്ങുതടി ആകരുത്

അങ്ങ് എന്റെ ചങ്കിനു ഉള്ളില്‍ കൊണ്ട് നടന്ന വികാരം ആയിരുന്നു ആവേശം ആയിരുന്നു ഇപ്പഴും നിങ്ങള്‍ രമേശ് ചെനിത്തലക്ക് വേണ്ടി സമര്‍ദ്ദം ചെലുത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നു ഇനിയും ഈ പാര്‍ട്ടിയെ കൊലക്ക് കൊടുക്കാന്‍ ഉള്ള തീരുമാനത്തെ മാറ്റണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്..

ശൈലജ ടീച്ചറെപ്പോലും മാറ്റി സി.പി.എം ഞെട്ടിക്കുന്നു.. നമ്മള്‍ ഇപ്പോഴും തോറ്റമ്പിയിട്ടും ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും പ്രതിഷ്ഠിക്കാന്‍ ഗ്രൂപ്പു കളിക്കുന്നു... കഷ്ടം...- ഇങ്ങനെ പോകുന്നു കമന്റുകള്‍.

പ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും തിരിച്ചടിയുണ്ടാകുമെന്നും ചിലർ മുന്നറിയിപ്പ് നല്‍കുന്നു. 

സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമർശനം ശ്രദ്ധയില്‍പ്പെട്ട ഉമ്മന്‍ചാണ്ടി ഉടന്‍തന്നെ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തി. എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നിലല്ലാതെ മറ്റെവിടെയും താന്‍ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി ഫേയ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വീണുപോകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഉമ്മന്‍ചാണ്ടി പങ്കുവെച്ച വിശദീകരണക്കുറിപ്പിന്റെ പൂര്‍ണ രൂപം