.
കൊല്ലം: പാര്‍ട്ടി നിലപാടിനു വിരുദ്ധമായ പോസ്റ്റുകള്‍ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നതിനെച്ചൊല്ലി ബി.ജെ.പി.യില്‍ വിവാദം. വിഴിഞ്ഞം സമരക്കാരെ 'ദേശവിരുദ്ധ'രായി ചിത്രീകരിച്ചതാണ് ഒടുവിലത്തെ സംഭവം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറയാത്ത വിവരങ്ങള്‍ ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഐ.ടി.വിഭാഗം കൈകാര്യം ചെയ്യുന്നവരെ ശാസിച്ചതായാണ് വിവരം.
ആര്.എസ്.എസ്.-ക്രൈസ്തവ കൂട്ടായ്മയില്‍ 'സണ്‍ ഇന്ത്യ' എന്ന സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ വിഴിഞ്ഞം സമരത്തെ സൂക്ഷ്മതയോടെയാണ് സംഘപരിവാര്‍ എതിര്‍ക്കുന്നത്. തങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിച്ച സംഭവത്തില്‍ സഭാനേതൃത്വം ബി.ജെ.പി. നേതാക്കളെ നേരിട്ടു വിളിച്ച് അമര്‍ഷം അറിയിച്ചെന്നാണ് പറയുന്നത്.
മലയാളിയായ സി.വി.ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചപ്പോള്‍ ബി.ജെ.പി.യുടെ പേജില്‍ അഭിനന്ദന പോസ്റ്റുകള്‍ വരാതിരുന്നതും വിവാദമായിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് അരവിന്ദ് കെജ്രിവാളിനെ കളിയാക്കാനായി തയ്യാറാക്കിയ എഫ്.ബി. പോസ്റ്റില്‍ കേരളത്തെ പുകഴ്ത്തിയതും ചര്‍ച്ചയായി. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ബി.ജെ.പി.ക്കെതിരായ ട്രോളായി. വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും പോസ്റ്റുകള്‍ തയ്യാറാക്കുന്നതിനും ഐ.ടി.വിഭാഗം ശ്രദ്ധ കാണിക്കുന്നില്ലെന്ന് ബി.ജെ.പി. നേതൃനിരയില്‍ നേരത്തേതന്നെ പരാതിയുണ്ടായിരുന്നു.
പാര്‍ട്ടിക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പരാജയങ്ങളുണ്ടായപ്പോഴും സാമൂഹികമാധ്യമ പേജുകളില്‍ ഒന്നാംസ്ഥാനത്തായിരുന്നു ബി.ജെ.പി. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ പേര് പിന്തുടരുന്ന ഫെയ്സ്ബുക്ക് പേജായിരുന്നു ബി.ജെ.പി.യുടേത്. പിന്തുടരുന്നവരുടെ എണ്ണം കുറയുകയും സി.പി.എം. പേജ് ഒന്നാമതെത്തുകയും ചെയ്തതും ബി.ജെ.പി. നേതൃനിരയില്‍ ചര്‍ച്ചയായിട്ടുണ്ട്.
Content Highlights: Facebook posts against the party position-Controversy in BJP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..