'ആ അച്ഛന്റെ ജീവിതത്തില്‍ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു'


3 min read
Read later
Print
Share
PJ Joseph
പി.ജെ ജോസഫ് മകന്‍ ജോകുട്ടനോടൊപ്പം
ഫോട്ടോ: ബിനോജ് പി.പി

കോട്ടയം: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മകന്‍ ജോക്കുട്ടന്‍ പി.ജെ ജോസഫിന് ആരായിരുന്നുവെന്ന് ഹൃദയത്തില്‍ തൊടുന്നൊരു കുറിപ്പ് പങ്കുവച്ച്‌ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സുദീപ് ജോ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെച്ച കുറിച്ച് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഭിന്നശേഷിക്കാരനായ മകനുള്ള അരുണ്‍ ഷൂറിയെക്കുറിച്ചും സി രാധാകൃഷ്ണന്റെ നോവലായ ഒറ്റയടിപാതകളെക്കുറിച്ചും സുദീപ് തന്റെ കുറിപ്പില്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. ഒപ്പം ഭിന്നശേഷിക്കാരായ മക്കളുള്ള മാതാപിതാക്കളുടെ ആശങ്കകളെക്കുറിച്ചും.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്.
അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്.
ശരീരം മുഴുവന്‍ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തില്‍ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തില്‍ പേരിനൊരു പുതപ്പു മാത്രവും.
അന്നേരവും ഓര്‍മ്മയ്ക്കും ബുദ്ധിക്കും യാതൊരു തകരാറും കാണില്ല.
ഒരു ജീവിതം മുഴുവന്‍ അവര്‍ നിസംഗരായി നമുക്കു മുന്നില്‍ തുറന്നു വയ്ക്കും.
സ്വര്‍ഗവാതില്‍പടിയില്‍ നില്‍ക്കുവോര്‍ കള്ളം പറയില്ലെന്നതാണു വിശ്വാസം.
ഒടുക്കം ഒപ്പിടാന്‍ കഴിയാതെ, വിരലടയാളം പതിക്കാന്‍ വെന്തു കരിഞ്ഞ വിരലുകള്‍ക്കാവതില്ലാതെ...
ഏതാനും ദിവസങ്ങള്‍ക്കകം അവര്‍ എന്നേയ്ക്കുമായി ഉറങ്ങും.
നമുക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു യാത്രയാകുന്നവര്‍...
രണ്ടാമത്തേത് ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിറ്റാര്‍ഡേഷന്‍, മള്‍ട്ടിപ്ള്‍ ഡിസബിലിറ്റീസ് എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനായുള്ള നാഷണല്‍ ട്രസ്റ്റ് ആക്റ്റിന്‍ കീഴിലെ ജില്ലാ തല സമിതിയുടെ യോഗമാണ്. അന്നത്തെ കോട്ടയം ജില്ലാ കളക്ടര്‍ തിരുമേനിസാര്‍ അദ്ധ്യക്ഷനായ സമിതിയില്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പ്രതിനിധിയെന്ന നിലയില്‍ പങ്കെടുത്തിരുന്ന യോഗങ്ങള്‍.
ഭിന്നശേഷിക്കാരായ മുതിര്‍ന്ന മക്കളെ ഉടുത്തൊരുക്കി, ജില്ലയുടെ ഉള്‍പ്രദേശത്തു നിന്നൊക്കെ ബസില്‍ കയറി വന്ന്, ആ മക്കളെ ചേര്‍ത്തു പിടിച്ച്, നമ്മുടെ മുന്നില്‍ വന്ന് നില്‍ക്കുന്ന ആ നില്പുണ്ടല്ലോ...
അവരുടെയൊക്കെ കണ്ണുകളിലൊന്നില്‍ മക്കളോടുള്ള സ്‌നേഹം നിറഞ്ഞൊഴുകും. രണ്ടാമത്തെ കണ്ണില്‍ ഞങ്ങള്‍ക്കു ശേഷം ഞങ്ങളുടെ കുഞ്ഞിന് ആരെന്ന ആധി കവിഞ്ഞൊഴുകും.
ആ മക്കള്‍ അച്ഛനമ്മമാരുടെ കൈയില്‍ മുറുകെപ്പിടിച്ചിട്ടുണ്ടാവും.

മരണത്തിനു പോലും വേര്‍പെടുത്താന്‍ കഴിയില്ലെന്നു തോന്നും വിധേന, ഇറുക്കിയങ്ങനെ...
അവിടെയിരുന്ന്, സി രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകള്‍ എന്ന നോവലിലെ റിട്ടയേഡ് ജസ്റ്റിസ് ഭാസ്‌കരമേനോനെയും ഭിന്നശേഷിക്കാരനായ മകന്‍ സുകുവിനെയും ഓര്‍ത്തു പോകും.
ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍, ആ വലിയ മകനെ കൊന്നിട്ട്, സ്വയം പ്രോസിക്യൂഷന്‍ ചാര്‍ജും ഡിഫന്‍സും വിധിയുമെഴുതുന്ന മേനോന്‍, തെളിവുകളുടെ അഭാവത്തില്‍ സ്വയം വെറുതെ വിട്ട ശേഷം, കുറ്റം സമ്മതിച്ച് എഴുതി വയ്ക്കുന്ന ഒരു സങ്കട ഹരജി കൂടിയുണ്ട്.

- സുകു വേദനകളൊന്നും അനുഭവിക്കുന്നുണ്ടായിരുന്നില്ല. മരിച്ചു കിട്ടിയാല്‍ മതിയെന്നൊരാശയം അവന്‍ പ്രകടിപ്പിച്ചില്ല. പ്രകടിപ്പിക്കാന്‍ അവനു കഴിയുമായിരുന്നില്ല. അവന്റെ മനസില്‍ അങ്ങനെയൊരാഗ്രഹം എപ്പോഴെങ്കിലുമുണ്ടായിരുന്നുവെന്നു വിശ്വസിക്കാന്‍ ന്യായമില്ല. ഞാന്‍ വിശ്വസിക്കുന്നുമില്ല. വേദനയുണ്ടായിരുന്നത് എന്റെ മനസില്‍ മാത്രമാണ്. അവനെ കാണുമ്പോഴും അവന്റെ ഭാവി ആലോചിക്കുമ്പോഴുമുള്ള വേദന. അതു തീര്‍ച്ചയായും ദു:സഹമായിരുന്നു. അതൊന്ന് അവസാനിച്ചു കിട്ടിയാല്‍ മതിയെന്നു ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അവസാനിക്കണമെങ്കില്‍ ഒന്നുകില്‍ അവന്റെ രോഗം മാറണമായിരുന്നു. അല്ലെങ്കില്‍ അവന്‍ മരിക്കണമായിരുന്നു. രോഗം മാറില്ലെന്നു തീര്‍ച്ചയായപ്പോഴാണു ഞാനവനെ കൊന്നത്. സംഗതി മനസിലായില്ലേ? എന്റെ വേദനയ്ക്കു പരിഹാരമുണ്ടാക്കാന്‍ ഞാനവനെ കൊന്നു!
മകന്റെ മരണത്തോടെ മനസിന്റെ സമനില തെറ്റുന്ന ജസ്റ്റിസ് മേനോനോടൊപ്പം, ആ മക്കള്‍ക്കായി സമനില തെറ്റാതെ ജീവിക്കുന്ന, യഥാര്‍ത്ഥ ജീവിതത്തിലെ ചില മുഖങ്ങള്‍ കൂടി മുന്നില്‍ തെളിയും.
നാല്പതു കഴിഞ്ഞ ഭിന്നശേഷിക്കാരനായ മകന്റെ താടി വടിച്ചു കൊടുക്കുന്ന അരുണ്‍ ഷൂരിയെന്ന അച്ഛന്റെ അരുമയാര്‍ന്ന ചിത്രം നിങ്ങളെ പിന്തുടരാത്ത നിമിഷങ്ങളുണ്ടോ!
ആ മകനും അതുപോലത്തെ മക്കള്‍ക്കും അച്ഛനമ്മമാരുടെ കാലശേഷം തുണയാകാന്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച ഷൂരി.
അതുപോലെ വലിയൊരച്ഛന്‍ ഞങ്ങളുടെ തൊടുപുഴയിലുണ്ട്.

ഭിന്നശേഷിക്കാരനായ മകന്റെ ജനനം തന്നെ കൂടുതല്‍ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛന്‍.
ആ മകനായി മാറ്റിവച്ച സ്വത്തില്‍ നിന്ന് എണ്‍പത്തിനാലു ലക്ഷം രൂപ കനിവ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റിനായി നീക്കിവച്ച അച്ഛന്‍.
നിര്‍ദ്ധനരായ എഴുനൂറോളം കിടപ്പുരോഗികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കാനായി ആ വസ്തുവിലെ മരങ്ങള്‍ വെട്ടി വിറ്റ് ആദ്യം പണം കണ്ടെത്തിയ അച്ഛന്‍.
ഇന്നലെ ആ അച്ഛന്റെ ജീവിതത്തില്‍ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു.
മകന്‍ മരിച്ചാല്‍ അച്ഛനോ, അച്ഛന്‍ മരിച്ചാല്‍ മകനോ കൂടുതല്‍ ദുഃഖം എന്ന ഈച്ചരവാര്യര്‍ തന്‍ ഉത്തരമില്ലാ ചോദ്യം മുഴങ്ങുന്നു.
ജോക്കുട്ടന്‍, ആ അച്ഛനിലൂടെ ഇനിയും ജീവിക്കുക തന്നെ ചെയ്യും. ട്രസ്റ്റിലൂടെ അനശ്വരനും...
ജോസഫ് എന്ന അച്ഛാ,
ജോക്കുട്ടന്റെ ദീപ്തമായ ഓര്‍മ്മകള്‍ അങ്ങയെ ഏറ്റവും മികച്ച മനുഷ്യനും ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനുമാക്കിത്തീര്‍ക്കയും ചെയ്യും എന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
ജോക്കുട്ടനു മരണമില്ല...

Content Highlight: Facebook post about PJ Joseph and his Son

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm angry

'അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലേ'; പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി, ഇറങ്ങിപ്പോയി

Sep 23, 2023


ANTONY

1 min

അനിലിന്റെ രാഷ്ട്രീയ സ്വപ്‌നത്തിന് ആന്റണി അവസരം നല്‍കിയില്ല,ബിജെപിയോട് ഇപ്പോള്‍ വിരോധമില്ല-എലിസബത്ത്

Sep 23, 2023


mb rajesh

കരുവന്നൂർ വലിയ പ്രശ്‌നമാണോ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനടന്ന ക്രമക്കേട് എത്രയുണ്ട്?- എം.ബി രാജേഷ്

Sep 21, 2023


Most Commented