തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാര്‍ സംബന്ധിച്ച ശരിതെറ്റുകള്‍ പിന്നീട് പരിശോധിക്കാമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. മനുഷ്യര്‍ മരിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സാധാരണ സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കുന്ന സമീപനം ഇത്തരം സാഹചര്യങ്ങളില്‍ പ്രതിപക്ഷം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിംഗ്ലര്‍ എന്ന കമ്പനിയെ ചുമതലയേല്‍പ്പിച്ചത് സര്‍ക്കാര്‍ ഉത്തമ വിശ്വാസത്തോടെ സ്വീകരിച്ച നടപടിയാണ്. രോഗബാധ തടയുന്നതിന് എല്ലാ മേഖലകളിലും സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഫലപ്രദമായി. മാഹാമാരിയുടെ അസാധാരണ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ഉത്തരവാദിത്വമുള്ള പ്രതിപക്ഷം പിന്തുണയ്ക്കുകയാണ് വേണ്ടത്. 

സാധാരണ ഗതിയില്‍ സ്വകാര്യത സംബന്ധിച്ച വിഷയവും അസാധാരണ പരിതസ്ഥിതിയില്‍ സ്വകാര്യത സംബന്ധിച്ച വിഷയവും വ്യത്യസ്തമാണ്. ഇത്തരം മഹാമാരി വരുമ്പോള്‍ എത്രത്തോളം സ്വകാര്യത സംരക്ഷിക്കാനാവും എന്ന് പരിശോധിക്കേണ്ടതാണ്. ഒട്ടും കാത്തിരിക്കാനാവാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന് അറിവുള്ള ഒരു സ്ഥാപനത്തെ ഡാറ്റ വിശകലനത്തിനുള്ള ചുമതലയേല്‍പിച്ചത്.

കരാറില്‍ തെറ്റുണ്ടോ എന്ന് പിന്നീട് പരിശോധിച്ച് തീരുമാനിക്കാം. രോഗം പകരുന്നതും മനുഷ്യന്‍ മരിക്കുന്നതും തടയുകയാണ് ഇപ്പോള്‍ പ്രധാനം. ഇതൊക്കെ കഴിഞ്ഞിട്ട് അത്തരം കാര്യങ്ങള്‍ പരിശോധിക്കുകയും സംവാദം നടത്തുകയുമൊക്കെ ചെയ്യാം. മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തിലെ പുതിയ അനുഭവമാണിത്. ഇപ്പോഴത്തെ അനുഭവങ്ങളാകെ പിന്നീട് പരിശോധിക്കപ്പെടേണ്ടതാണെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

Content Highlights: Extraordinary action in exceptional circumstances; Sprinkler Agreement may be reviewed later - SRP