മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്കിയതായും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചതായി ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കരുത്. ഉത്തരവാദിത്തങ്ങള്‍ ജാഗ്രതയോടെ നിറവേറ്റണമെന്നും അറിയിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമായതിനാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

മുത്തലാഖ് വിഷയത്തില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി വിവാഹച്ചടങ്ങിന് പോയത് വലിയ വിവാദമാവുകയായിരുന്നു. കുഞ്ഞാലിക്കുട്ടി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച്ച വരുത്തിയെന്നാരോപിച്ച് മുസ്ലീം ലീഗിനുള്ളില്‍ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. 

content highlights: explanation satisfactory,no action agaist P.K.Kunhalikkutty on Triple talaq controversy