വി ഡി സതീശൻ| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊതുപ്രവര്‍ത്തകനോട് ക്വാ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നും ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27-ന് യു.ഡി.എഫ് പ്രതിനിധി സംഘം നല്‍കിയ കത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.
പൊതുപ്രവര്‍ത്തകനോട് ക്വാ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. കെ.സി. ചാണ്ടി, ആര്‍ ബാലകൃഷ്ണപിള്ള കേസ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ വാദമുന്നയിക്കുന്നത്. എന്നാല്‍ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി ബി ആര്‍ കപൂര്‍, തമിഴ്‌നാട് സര്‍ക്കാറുമായി 2001 സെപ്തംബറിലുള്ള കേസില്‍ ക്വാ വാറന്റോ റിട്ടിലൂടെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ക്വാവാറന്റോ റിട്ടിലൂടെ പൊതുപ്രവര്‍ത്തകനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കാമെന്ന സുപ്രീം കോടതിയുടെ ഈ ഉത്തരവ് രാജ്യത്തെ മറ്റെല്ലാം കോടതികള്‍ക്കും ബാധകമാണെന്നാണ് അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്ന കെ.സി. ചാണ്ടിയും ആര്‍ ബാലകൃഷ്ണപിള്ള കേസില്‍ ഒരു മന്ത്രി നടത്തുന്ന സത്യപ്രതിജ്ഞാ ലംഘനത്തില്‍ ക്വാ വാറന്റോ പുറപ്പെടുവിക്കാനുള്ള പരിമിതി മാത്രമാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകയുക്ത അഴിമതിക്കെതിരായ സംവിധാനമാണ്. അല്ലാതെ സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്തയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് കെ.ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ഉത്തരവിട്ടതും ബന്ധു നിയമനത്തിനായി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയിലാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വിശദീകരിക്കുന്നു.
സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളെല്ലാം ഖണ്ഡിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങള്‍ക്കൊന്നും നിയമത്തിന്റെ പിന്‍ബലമില്ലാത്ത സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് വീണ്ടും അഭ്യര്‍ഥിച്ചു കൊണ്ടാണ് ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരിക്കുന്നത്.
Contnet Highlights: Explanation given by the government is misleading on lokayukata ordinance says Opposition leader VD Satheesan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..