'ചൂടും വെയിലും, ദുര്‍ബല ടീം, സംഘാടകര്‍...' കാണികള്‍ കുറയാനുണ്ടായ കാരണം വിശദീകരിച്ച് മന്ത്രി


വി.അബ്ദുറഹിമാൻ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തില്‍ കാണികള്‍ കുറഞ്ഞതിന് പിന്നില്‍ തന്റെ പ്രസ്താവനയാണെന്ന വാദങ്ങള്‍ക്ക് മറുപടിയുമായി കായികമന്ത്രി വി. അബ്ദുറഹിമാന്‍. തന്റെ പ്രസ്താവന വികലമാക്കിയെന്ന് ആരോപിച്ച മന്ത്രി കാണികള്‍ കുറയാന്‍ പ്രധാന കരാണം സംഘാടകരുടെ പിടിപ്പുകേടാണെന്നും വ്യക്തമാക്കി. ദുര്‍ബല എതിരാളികളും കനത്ത വെയിലും ചൂടും കാണികള്‍ കുറഞ്ഞതിന് കാരണമായെന്നും സംഘാടകരുടെ പിടിപ്പുകേട് മറച്ചുവെക്കാനാണ് മന്ത്രിയെയും സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ച നീണ്ട വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.

'പാവപ്പെട്ടവര്‍ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട്, എന്നു സൂചിപ്പിച്ച് മറുപടി പറഞ്ഞതിനെ പട്ടിണിക്കാര്‍ കളി കാണണ്ട എന്നു മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ചില എതിരാളികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം വികലമായി അവതരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ വിനോദനികുതിയാണ് നിരക്ക് കൂടാന്‍ കാരണം എന്ന വാദവുമായി ക്രിക്കറ്റ് അധികാരികളും രംഗത്തു വന്നു'മന്ത്രി കുറിപ്പില്‍ പറഞ്ഞു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....

കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ എക്കാലവും കളിയ്ക്കും കായികതാരങ്ങള്‍ക്കും കളിയാസ്വാദകര്‍ക്കും ഒപ്പമാണ്. ഇവിടെ നടക്കുന്ന മുഴുവന്‍ കായികമത്സരങ്ങള്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. മത്സരങ്ങള്‍ കൂടുതല്‍ പേര്‍ കാണുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇവിടെ മികച്ച കായികതാരങ്ങള്‍ ഉയര്‍ന്നുവരണം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരുവനന്തപുരത്തു നടക്കുന്ന മത്സരങ്ങള്‍ ആഗ്രഹിക്കുന്ന മുഴുവനാളുകള്‍ക്കും കാണാന്‍ അവസരം ഉണ്ടാകണം. അതിനാവശ്യമായ എല്ലാ നടപടികളും അതതു സമയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കാറുണ്ട്. കഴിഞ്ഞ തവണ ഗ്രൗണ്ടിന്റെ മോശം അവസ്ഥ ഉള്‍പ്പെടെ ഏറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ഗംഭീരമായി വേദിയൊരുക്കിയത്.
ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ മത്സരം പൂര്‍ണ്ണമായും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി സി സി ഐ) നിയന്ത്രണത്തിലും ഉത്തരവാദിത്വത്തിലുമാണ് നടക്കുന്നത്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണ്. സംഘാടകര്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി കൊടുക്കുന്ന ചുമതല മാത്രമാണ് സര്‍ക്കാരിനുള്ളത്. മത്സര നടത്തിപ്പിലോ, ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലോ ഒരു പങ്കുമില്ല. സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെയും സര്‍ക്കാരിന്റെയും നിയമങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അത്തരത്തില്‍ ഒരംഗീകാരവും വേണ്ടെന്നും പണ്ടേ അറിയിച്ചിട്ടുള്ളവരാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ സംസ്ഥാന സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അതു കുറയ്ക്കാന്‍ ബന്ധപ്പെട്ട ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍, അനുകൂല നടപടി ഉണ്ടായില്ല. ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, പാവപ്പെട്ടവര്‍ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട്, എന്നു സൂചിപ്പിച്ച് മറുപടി പറഞ്ഞതിനെ പട്ടിണിക്കാര്‍ കളി കാണണ്ട എന്നു മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ചില എതിരാളികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം വികലമായി അവതരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ വിനോദനികുതിയാണ് നിരക്ക് കൂടാന്‍ കാരണം എന്ന വാദവുമായി ക്രിക്കറ്റ് അധികാരികളും രംഗത്തു വന്നു.
മുന്‍കാലങ്ങളില്‍ കൊച്ചിയായിരുന്നു കേരളത്തിലെ അന്താരാഷ്ട്ര ക്രിക്കറ്റ് വേദി.

കാര്യവട്ടത്ത് സര്‍ക്കാര്‍ നല്ലൊരു സ്റ്റേഡിയം ഒരുക്കിയപ്പോള്‍ ക്രിക്കറ്റ് അധികാരികള്‍ കളി ഇങ്ങോട്ടു മാറ്റി. ഈ ക്രിക്കറ്റ് മൈതാനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയതും കാണികളുടെ നല്ല പ്രതികരണവും കൂടുതല്‍ മത്സരങ്ങള്‍ ഇവിടെ കൊണ്ടുവരാന്‍ ബി സി സി ഐയ്ക്ക് പ്രേരണയായി.
കാര്യവട്ടത്ത് കളി നടക്കുമ്പോള്‍ നിയമപ്രകാരം വിനോദ നികുതി ഇനത്തില്‍ 50 മുതല്‍ 24 ശതമാനം വരെ കോര്‍പ്പറേഷന് നല്‍കണം. ഇത്തവണ അത് 12 ശതമാനമായി കുറച്ചു. ടിക്കറ്റ് നിരക്ക് കുറയാനും സാധാരണക്കാര്‍ക്ക് പ്രയാസമില്ലാതെ കാണാനും അവസരം ഒരുക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്ദേശിച്ചത്. മുന്‍കാലങ്ങളില്‍ വലിയ ഇടവേളകളിലാണ് കേരളത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നിരുന്നത്. അതിനാല്‍ അന്ന് നികുതി ഒഴിവാക്കുകയും വലിയ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ 3 മാസത്തിനിടയിലാണ് അടുത്ത കളി നടന്നത്. ഒരു വര്‍ഷം തുടര്‍ച്ചയായി വലിയ ഇളവ് നല്‍കുക പ്രയാസമാണ്. ഇത്തരത്തില്‍ നികുതികള്‍ ഒഴിവാക്കുന്നത് വലിയ ബാധ്യതയാകും. കളി നടക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഹോരാത്രം പണിയെടുക്കുകയുമാണ്. ക്രമസമാധാനം, ഗതാഗതം, ആരോഗ്യം, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ കഠിനാദ്ധ്വാനമാണ് നടത്തുന്നത്.
വന്‍കിട മെട്രോ നഗരങ്ങളിലെ സ്റ്റേഡിയങ്ങളില്‍ ഈടാക്കുന്ന നിരക്കിനേക്കാള്‍ വളരെ കൂടതലാണ് ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന കളികള്‍ക്ക് ക്രിക്കറ്റ് അസോസിയേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തിന് 650 രൂപയാണ് കുറഞ്ഞ നിരക്ക്. അവിടെ മുഴുവന്‍ ടിക്കറ്റും വിറ്റുപോയി. കൂടുതല്‍ പേര്‍ കാണാനാഗ്രഹിക്കുന്ന ടി20 മത്സരത്തിന് മുംബൈയില്‍ 700 രൂപയായിരുന്നു. പുണെയില്‍ 800 ഉം. ന്യൂസിലാന്റ് പോലെ ശക്തമായ ടീമനെതിരെ ഈ മാസം 18 ന് ഹൈദരാബാദില്‍ നടക്കുന്ന ഏകദിനത്തിന് 850 രൂപയാണ് കുറഞ്ഞ നിരക്ക്.ഇക്കാര്യം സമ്മതിക്കാന്‍ പോലും കെ സി എ തയ്യാറല്ല.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം സൗജന്യമായി അനുവദിച്ചിട്ടും, വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി കളി നടത്തുന്നവര്‍ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം പോലും കേരളത്തിലെ കായിക വികസനത്തിന് ചെലവഴിക്കുന്നില്ല എന്ന പരാതിയും പറഞ്ഞിരുന്നു. നമുക്ക് നാളെ നല്ല ക്രിക്കറ്റര്‍മാരും മറ്റു താരങ്ങളും വേണമെങ്കില്‍ നല്ല മൈതാനങ്ങളും മറ്റും വ്യാപകമാകണം. പാവപ്പെട്ടവര്‍ക്ക് ഇത്തരം പിന്തുണയില്ലെങ്കില്‍ കായികരംഗത്ത് വളര്‍ന്നു വരാന്‍ കഴിയില്ല.

കാര്യവട്ടത്ത് കളി കാണാന്‍ കാണികള്‍ വരാതിരുന്നത് മന്ത്രി കാരണം എന്നു പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍ക്ക് നല്ല പ്രചാരം കൊടുക്കാന്‍ പല മാധ്യമങ്ങളും മത്സരിച്ചു. എന്നാല്‍, നമ്മുടെ കായികമേഖലയ്ക്കും കളി ആസ്വാദകര്‍ക്കും ഈ കളിയും ഇതിലൂടെ ഉണ്ടാകുന്ന വരുമാനവും പ്രയോജനപ്പെടണം എന്നും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും നടത്തിയ വാദങ്ങള്‍ എല്ലാവരും അവഗണിച്ചു. ഈ കാര്യങ്ങള്‍ വിശദമാക്കി മത്സരത്തിന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കിയിരുന്നു. അന്നും അധികമാരും ഗൗനിച്ചില്ല. പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിച്ച് വിവാദം കൊഴുപ്പിക്കാനായിരുന്നു തിടുക്കം.

കാണികള്‍ കുറഞ്ഞതിന് പ്രധാന കാരണം സംഘാടകരുടെ പിടുപ്പുകേടാണ്. ഈ അബദ്ധം മനസ്സിലായപ്പോള്‍ ക്രിക്കറ്റ് അസോസിയേഷനും കുറ്റം മന്ത്രിക്കു മേല്‍ ചാരി തടിതപ്പാന്‍ നോക്കുകയാണ്. 3 മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ശ്രീലങ്കയുമായി കളിച്ചത്. ഇതില്‍ ആദ്യ രണ്ട് കളികള്‍ ഇന്ത്യ ജയിച്ചതോടെ മൂന്നാം മത്സരം അപ്രസക്തമായി. അതോടെ കളി ആസ്വദിക്കുന്നവര്‍ക്ക് താല്‍പ്പര്യം കുറയും. നിലവില്‍ ഐ സി സി റാങ്കിങ്ങില്‍ ശ്രീലങ്ക എട്ടാമതാണ്. ഒരുകാലത്തെ ലോക ചാമ്പ്യന്മാരുടെ നിരയില്‍ പേരു കേട്ട ഒരു കളിക്കാരന്‍ പോലും ഇന്നില്ല. അതുകൊണ്ട് തന്നെ ടീമിനോട് ആര്‍ക്കും വലിയ ആരാധനയില്ല. കാര്യവട്ടത്തെ മത്സരഫലം ടീമിന്റെ നിലവാരം ഒന്നുകൂടി തെളിയിച്ചു. ദുര്‍ബല എതിരാളികളായതിനാലും കാണികള്‍ കുറയും.
ടി20 കാണുന്നതു പോലെ ഇപ്പോള്‍ ഏകദിനത്തിന് ആളു കൂടാറില്ല. അല്ലെങ്കില്‍ അത്ര ആവേശകരമായ സാഹചര്യമായിരിക്കണം. കടുത്ത വെയിലും ചൂടും മറ്റൊരു കാരണമായി.
ഇതെല്ലാം മറച്ചുവെച്ച്, മന്ത്രിക്കു നേരെ ആക്ഷേപവുമായി വരുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. കാര്യവട്ടത്ത് കളി കാണാന്‍ ആളു കയറാതിരുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ പ്രതികളെ വെള്ളപൂശാന്‍ കാണിക്കുന്ന തിടുക്കം കാണുമ്പോള്‍ എന്തോ ഒരു പന്തികേടും തോന്നുന്നു. കളിയും കളിക്കാരും കാണികളുമാണ് പ്രധാനം. അവര്‍ക്കു വേണ്ടിയാണ് ഈ ഗവണ്‍മെന്റ് നിലകൊള്ളുന്നത്. വസ്തുതകള്‍ ജനങ്ങള്‍ക്കു മുന്നിലുണ്ട്. അവര്‍ തീരുമാനിക്കട്ടെ.

Content Highlights: Explaining the reason-minister v abdurahiman thiruvananthapuram cricket allegation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented